
സാമൂഹ്യ മാധ്യമങ്ങളിലുള്ളവര്‍ ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്ന് മകള്‍ പാര്‍വതി. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടിൽ സന്തോഷവാനായിട്ട് ഇരിപ്പുണ്ടെന്നും പാര്‍വതി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.
പാര്‍വതിയുടെ പ്രതികരണം
കുറേ നാളുകളായി സഹിക്കുന്നു. ദയവുചെയ്‍ത് സോഷ്യൽമീഡിയയിൽ ഉള്ളവർ ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുത്.
അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യൽ മീഡിയയിൽ ഉള്ളവര്‍.
നിങ്ങൾ ഒന്ന് ആലോചിക്കൂ ജഗതിശ്രീകുമാർ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാൽ കണ്ണുംപൂട്ടി ഒരാൾക്ക് ഫോർവേഡ് ചെയ്യുക അല്ല വേണ്ടത്. ചിന്തിക്കുക എന്തെങ്കിലും ഇതിൽ സത്യമുണ്ടോ ഒരു മാനുഷിക ബോധം സോഷ്യൽ മീഡിയയിൽ ഉള്ളവർ ഒട്ടും കാണിക്കുന്നില്ല.
കലാകാരന്മാർ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവർക്കുമുണ്ട് വികാരങ്ങൾ അത് നിങ്ങൾ മനസിലാക്കണം. ഞങ്ങൾ എന്തുമാത്രം പരിശ്രമം എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ നോക്കുന്നത് എന്നുള്ളത് നിങ്ങൾ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക്, മെന്റൽ ഡിപ്രഷൻ കാരണം വീണ്ടും അദ്ദേഹം ഡൗൺ ആയി പോകുകയാണ്.
ഇപ്പോൾ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വർത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റി ഉണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക് നിങ്ങൾ മനസിലാക്കിയിരിക്കണം. ദയവുചെയ്ത് ജഗതിശ്രീകുമാർ എന്ന വ്യക്തിയെ നിങ്ങൾ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യർഥന ആണ്.
അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്റെ ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ.. എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിൽ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ‍്യക്തിയാണ് ജഗതിശ്രീകുമാർ എന്ന് പറയുന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങൾ ചെയ്തില്ലെങ്കിലും പ്രാർത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യർത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല .
ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ് തിരിച്ച് സിൽവർ സ്ക്രീനിലേക്ക് കൊണ്ടുവരാൻ. അതിനു നിങ്ങൾ ഒന്നും ചെയ്‍തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റൽ ഷോക്ക് തന്ന് അദ്ദേഹത്തെ പൂർണമായിട്ടും ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത്, ദൈവത്തെ ഓർത്ത്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ