
ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി എന്ന നായക കഥാപാത്രത്തെ ഷാജോണ്‍ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തല്ലുന്ന രംഗത്തോട് ചിത്രീകരണ സമയത്ത് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. എന്നാല്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞുവെന്നും ജീത്തു പറഞ്ഞു.
"സിനിമയില്‍ അനിവാര്യമായ ഒരു രംഗമായിരുന്നു അത്. പക്ഷേ അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍ സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു", ജീത്തു പറയുന്നു.
ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനീകാന്തിനെയും പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും ജീത്തു പറയുന്നു. "അന്ന് രജനിസാറിന് സിനിമ ഇഷ്ടമായിരുന്നു. പക്ഷേ പിന്മാറി. പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്." മലയാളത്തില്‍ ഇനി ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവരുതെന്നാണ് തന്റെ ആഗ്രഹമെന്നും ജീത്തു പറയുന്നു. 'കാരണം താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്', അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു.
പ്രേക്ഷകരെപ്പോലെ താരങ്ങളുടെ ആരാധകര്‍ ആവേണ്ടവരല്ല സംവിധായകരെന്ന് സംവിധായകന്‍ രഞ്ജിത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനുദാഹരണമായി ദൃശ്യം ചിത്രീകരണസമയത്ത് അതിന്റെ നിര്‍മ്മാതാവും മോഹന്‍ലാല്‍ ആരാധകനുമായ ആന്റണി പെരുമ്പാവൂരുമായി ഫോണില്‍ സംസാരിച്ച അനുഭവമാണ് രഞ്ജിത്ത് പറഞ്ഞത്.
രഞ്ജിത്ത് പറഞ്ഞത്..
"ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെടാ എന്ന് ഞാന്‍ ചോദിച്ചു. 'ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല', എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ല. കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല."
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ