
തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം കൊഴുക്കുന്നു. പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും സംസ്ഥാന ചലച്ചിത്ര ജൂറി അംഗം ഗായത്രി അശോകൻ പറഞ്ഞു. വേടൻ്റെ അവാർഡ് വിവാദത്തിൽ നമസ്തേ കേരളത്തിൽ പ്രതികരിക്കുകയായിരുന്നു ഗായത്രി അശോകൻ.
സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സംഗീത ശൈലിക്കും അതിൻ്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി അശോകൻ പറഞ്ഞു. യുവതികളുടെ ലൈംഗിക പരാതികളുടെ പശ്ചാത്തലത്തിലുള്ള വിമർശനങ്ങളുടെ നിയമപരമായ വശം അറിയില്ലെന്നും ഗായത്രി അശോകൻ കൂട്ടിച്ചേർത്തു.
നേരത്തെ, വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. എന്നാൽ പരാമർശം ചർച്ചയായതോടെ അത് തിരുത്തി വേടൻ രംഗത്തെത്തി. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നൽകുന്നതാണ് അവാർഡെന്നും വേടൻ പ്രതികരിച്ചു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വേടൻ നേടിയത്. മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
വേടന് അവാർഡ് നൽകിയതിൽ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ രംഗത്ത്. വേടന് നൽകിയ പുരസ്കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാൽ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു. ’മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരത്തിന് വേടനെ അർഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
"വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം . കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ