
കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറത്ത് 1930 ഒക്ടോബര്‍ 11നാണ് ഉമ്മറിന്‍റെ ജനനം. കെ പി എ സി നാടകങ്ങളിലൂടെ പയറ്റിത്തെളിഞ്ഞ് സിനിമയിലെത്തിയ ഉമ്മര്‍ സ്നേഹജാൻ എന്നപേരിലായിരുന്നു ആദ്യം അഭിനയിച്ചത്. അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂലധനം എന്ന ചിത്രത്തിലെ കെ പി ഉമ്മറിന്റെ 'ശാരദേ ഞാനൊരു വികാരജീവിയാണ്' എന്ന വാചകം, ഇന്നും, മിമിക്രി വേദികളെ ഹരം കൊള്ളിക്കുന്നു.
തികച്ചും യാദൃച്ഛികമായാണ് ഉമ്മർ അഭിനയരംഗത്തെത്തുന്നത്. 'ആരാണപരാധി' എന്ന നാടകത്തില്‍ ജമീല എന്ന സ്ത്രീയുടെ വേഷം കെട്ടിയാണ് ആദ്യമായി അദ്ദേഹം നാടകത്തില്‍ അഭിനയിക്കുന്നത്. പൊതുവെ സ്ത്രീകള്‍ വേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന ആ കാലത്ത്, ജമീല എന്ന കഥാപാത്രം ചര്‍ച്ചാ വിഷയമായി. അതോടെ തറവാട്ടിൽ നിന്നും പുറത്തായി. എന്നാൽ മലയാളത്തിന് ലഭിച്ചത് എക്കാലത്തെയും സുന്ദരനായ പ്രതിനായകനെ.
എം ടി വാസുദേവൻ നായരുടെ മുറപ്പെണ്ണിലൂടെ, 1965 ലാണ് കെ പി ഉമ്മര്‍ മലയാളസിനിമയിലെത്തിയത്. 70കളില്‍ മലയാളം കണ്ട വില്ലന്‍മാരിൽ പ്രമുഖനായി. എന്നാൽ പില്‍ക്കാലത്ത് സ്വഭാവനടനിലേക്ക് ചുവടുമാറ്റം.
ഈ സുന്ദരനായ വില്ലൻ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയത്, മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീറിനോട്. അക്കാലത്തിറങ്ങിയ സിനിമാനോട്ടീസുകളിലും, അനൗണ്‍സ്‌മെന്റുകളിലും പ്രേംനസീറിനേയും കെ.പി ഉമ്മറിനേയും വിരുദ്ധഭാവങ്ങളിൽ പ്രത്യേകം പരാമര്‍ശിക്കുമായിരുന്നു. സ്വഭാവഗുണസമ്പന്നനായ നായകന്‍, ദുഃസ്വഭാവങ്ങളുടെ കൂടാരമായ വില്ലന്‍, ഇവര്‍ക്കിടയിൽ ഒന്നോരണ്ടോ നായികമാർ, രണ്ട് ഹാസൃതാരങ്ങൾ, ഇതായിരുന്നു അന്നത്തെ മലയാളസിനിമയുടെ കഥാപാത്രഘടന.
ഐ വി ശശിയുടെ ഉത്സവമാണ് വില്ലന്‍ കഥാപാത്രങ്ങളിൽ നിന്നും ഉമ്മറിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടു വന്നത്. മുറപ്പെണ്ണിലെ കേശവന്‍ കുട്ടി, കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തന്‍, മരത്തിലെ പുയ്യാപ്ള, സുജാതയിലെ കര്‍ക്കശക്കാരൻ, വടക്കന്‍പാട്ട് സിനിമയിലെ ക്രൂരകഥാപാത്രങ്ങള്‍- ഉമ്മര്‍ അവതരിപ്പിച്ച വേഷങ്ങൾ വ്യത്യസ്തമാണ്. മുറപ്പെണ്ണിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടിയെത്തി. കെ.ടി. മുഹമ്മദിന്‍റെ 'ഇത് ഭൂമിയാണ്" നാടകത്തിലെ 85 കാരനായ ഹാജിയാരുടെ വേഷം ഉമ്മറിന്‍റെ കലാ ജീവിതത്തിന് വഴിത്തിരിവായി.
ഫാസിലിന്റെ ഹരികൃഷ്ണന്‍സ് ആണ് അവസാന ചിത്രം. കോഴീക്കോട്ടെ നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു ഉമ്മർ . പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന്‍ ഒളിംപ്യൻ റഹ്‍മാൻ, ഉമ്മറിന്‍റെ അമ്മാവനായിരുന്നു. ഉമ്മര്‍ മലയാളസിനിമാ ലോകത്തിന്‍റെ 'സുന്ദരനായ വില്ലനായിരുന്നു. നായകനൊപ്പം സ്ഥാനം കിട്ടിയ വില്ലന്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ