
ചെന്നൈ: പതിവ് ആവേശമില്ലാതെ രജനീകാന്തിന്‍റെ പുതിയ ചിത്രം 'കാലാ' തീയേറ്ററുകളിലെത്തി. മികച്ച ചിത്രമെന്ന് ആരാധകർ വിശേഷിപ്പിക്കുമ്പോഴും ചെന്നൈയില്‍ തീയേറ്ററുകളില്‍ ടിക്കറ്റുകള്‍ സുലഭമാണ്. പ്രതിഷേധത്തെ തുടർന്ന് കർണാടകത്തിൽ ചിത്രം പ്രദർശിപ്പിച്ചില്ല.
രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള രജനിയുടെ ആദ്യ ചിത്രം, തൂത്തുക്കുടി പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധം, എന്നിവ 'കാലാ'യ്ക്ക് തണുത്ത സ്വീകരണം ലഭിക്കാനുള്ള മുഖ്യ കാരണങ്ങളായെന്നാണ് വിലയിരുത്തല്‍. രജനിചിത്രത്തിന്‍റെ റിലീസ് ദിവസം തീയേറ്ററുകള്‍ ഇതുപോലെ ആള്‍ത്തിരക്കില്ലാതെയാകുന്നത് സമീപകാലത്ത് ഇതാദ്യമാണ്. ചെന്നൈ നഗരത്തില്‍ രണ്ടിടത്ത് മാത്രമായിരുന്നു പുലർച്ചെ ഷോ ഉണ്ടായത്.
രജനി ചിത്രത്തിന് റിലീസ് ദിവസം തന്നെ തീയേറ്ററില്‍ ഇടികൂടാതെ ടിക്കറ്റ് ലഭിച്ചതിന്‍റെ ആശ്വാസത്തിലും അമ്പരപ്പിലുമായിരുന്നു സാധാരണപ്രേക്ഷകർ. അതേസമയം ചിത്രത്തിന്‍റെ വ്യാജ പകർപ്പ് പുലർച്ചെ അഞ്ചരയോടെ തന്നെ ഇൻറർനെറ്റിലെത്തി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
കേരളത്തില്‍ 300 ഓളം തീയേറ്ററുകളിലാണ് 'കാലാ' റിലീസ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തും പാലക്കാടും രാവിലെ 6 മണിക്ക് തന്നെ സ്പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. രജനീകാന്തിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കർണാടകയില്‍ ചിത്രം റിലീസ് ചെയ്യാനായില്ല. രജനികാന്തിന്‍റെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും വരും ദിവസങ്ങളില്‍ ചിത്രത്തിന്‍റെ സ്വീകാര്യതയെ സ്വാധീനിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ