
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. വാണിജ്യപരമായും കലാപരമായും ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം മലയാളത്തിലെ ആദ്യത്തെ ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. മലയാളികൾ കേട്ട് ശീലിച്ച ഏറെ പ്രശസ്തമായ ചില മിത്തുകളുടെ സിനിമാറ്റിക് രൂപമാണ് ലോകയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ കല്യാണിയിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതിന് കുറിച്ച് സംസാരിക്കുകയാണ് ലോകയുടെ സഹ രചയിതാവ് കൂടിയായ ശാന്തി ബാലചന്ദ്രൻ. കല്യാണി വളരെ എക്സ്പ്രസീവ് ആയ വ്യക്തിയാണെന്നും, അതുകൊണ്ട് തന്നെ സിനിമയിൽ റിയാക്ഷനുകൾ കുറയ്ക്കാനായി ഡൊമിനിക് പറയുമായിരുന്നു എന്നാണ് ശാന്തി പറയുന്നത്.
"ലോകയിലെ കേന്ദ്രകഥാപാത്രം യക്ഷിയാണ് യക്ഷി ഒരേ സമയം നിര്‍മ്മലവും അതിയായ കരുത്തുള്ളതുമാണ്, ഞങ്ങളുടെ പക്കല്‍ വേറേയും ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ കല്യാണിയുടെ പേര് വന്നപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്ന രൂപം 'ഒരു സിബിഐ ഡയറിക്കുറിപ്പി'ല്‍ വെള്ള സാരിയില്‍ വരുന്ന ലിസി മാമിനെയാണ്. ആ സിനിമയിലും അവര്‍ വളരെ ലോലയും ഇരയാക്കപ്പെടുന്നവളുമായ കഥാപാത്രമാണ്. അതിനാല്‍ പെട്ടെന്ന് തന്നെ കല്യാണി ചന്ദ്രയാകാന്‍ അനുയോജ്യയായിരിക്കുമെന്ന് തോന്നി. ഡൊമിനിക് 'ആന്റണി' എന്ന ചിത്രം കണ്ടിരുന്നു, അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാണാന്‍ സാധിച്ചു, ദുല്‍ഖറിനും കല്യാണിയുടെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു
കല്യാണിയെ 2023 ഡിസംബറിലാണ് സൈന്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം സെപ്തംബറിൽ ഷൂട്ടിങ് ആരംഭിച്ചു. ആ സമയത്തിനിടെ അവര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക് ബെന്നുമായി ബന്ധപ്പെട്ടു. അദ്ദേഹമാണ് എങ്ങനെ തയ്യാറെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. എം.എം.എ കോച്ചിനൊപ്പമാണ് കല്യാണി പരിശീലനം നടത്തിയത്. ഡൊമിനിക്കിന്റെ പ്രോസസിന് അവര്‍ പൂര്‍ണായും കീഴടങ്ങി. ചന്ദ്ര കേള്‍ക്കാന്‍ സാധ്യതയുള്ള പാട്ടുകള്‍ അദ്ദേഹം അവള്‍ക്കു നല്‍കി. സിനിമയില്‍ കാണുന്നത് പോലെയല്ല, വളരെ എക്‌സ്പ്രസീവായ വ്യക്തിയാണ് കല്യാണി. അതിനാല്‍ കല്യാണിയോട് റിയാക്ഷനുകള്‍ കുറയ്ക്കാന്‍ ഡൊമിനിക് പറയുമായിരുന്നു. അവള്‍ അദ്ദേഹത്തെ വിശ്വസിച്ചു." ദി ന്യൂ ഇന്ത്യൻ എക്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി പ്രതികരിച്ചത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ലോക. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ