‘പത്മാവത്’ റിലീസ് ദിവസം ഭാരത് ബന്ദ്

By Web DeskFirst Published Jan 21, 2018, 9:31 AM IST
Highlights

ദില്ലി: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കര്‍ണിസേന. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിങ് പറഞ്ഞു. 

റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപിച്ചാണു പ്രതിഷേധം. കഴിഞ്ഞ ദിവസം പലയിടത്തും തിയറ്ററുകൾ നശിപ്പിച്ചിരുന്നു. ഗുജറാത്തിലെ തിയറ്ററുകളൊന്നും സിനിമ പ്രദർശിപ്പിക്കാൻ തയാറാവില്ലെന്ന് ലോകേന്ദ്ര പറഞ്ഞു. ബന്ദ് ശക്തമാക്കാൻ താൻ മുഴുവൻ സമയവും മുംബൈയിലുണ്ടാകുമെന്നും ലോകേന്ദ്ര പറഞ്ഞു.

നേരത്തെ, ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നായിക ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചതും ലോകേന്ദ്രയാണ്. കർണിസേന ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടർന്നു നാല് സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്. 

ചിത്രീകരണം ആരംഭിച്ചത് മുതല്‍ വിവാദ വിഷയമായി മാറിയ ചിത്രമാണിത്. നിരവധി തിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.  പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റിയതിന് പുറമെ ദീപികയുടെ നൃത്തമടങ്ങിയ 'ഗൂമര്‍' എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ രജപുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്. 

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. 

click me!