'ഹോളിവുഡ് സിനിമകളൊക്കെ കണ്ടതിന് ശേഷം വീണ്ടും ആ സിനിമ കണ്ടു, അപ്പോഴാണ് അതൊരു വലിയ സിനിമയാണെന്ന് മനസിലായത്'; മോഹൻലാൽ ചിത്രത്തെ പ്രശംസിച്ച് കൃഷാന്ദ്

Published : Sep 14, 2025, 05:30 PM IST
Mohanlal and Krishand

Synopsis

അതേസമയം മോഹൻലാൽ- കൃഷാന്ദ് കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന റിപ്പോർട്ടുകൾ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്. അടുത്തിടെ മോഹൻലാലുമായുള്ള സിനിമയെ കുറിച്ച് കൃഷാന്ദ് സംസാരിച്ചിരുന്നു.

ആവാസവ്യൂഹം, പുരുഷപ്രേതം, സംഘർഷഘടന തുടങ്ങീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കൃഷാന്ദ്.

ഇപ്പോഴിതാ ഭരതൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം 'താഴ്‌വാര'ത്തെ കുറിച്ച് സംസാരിക്കുകയാണ് കൃഷാന്ദ്. ചെറുപ്പത്തിൽ തിയേറ്ററിൽ പോയി കണ്ടതിന് ശേഷം തനിക്ക് പേടിയായ സിനിമയാണ് താഴ്‌വാരമെന്നും, രാത്രി മൂടികിടക്കുമ്പോൾ ആരെങ്കിലും വന്ന്തന്നെ കൊല്ലുമെന്ന പേടിയൊക്കെ താഴ്‌വാരം കണ്ടതിന് ശേഷം തോന്നിയിരുന്നുവെന്ന് കൃഷാന്ദ് പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷാന്ദിന്റെ പ്രതികരണം.

"ഞാൻ ചെറുപ്പത്തിൽ തിയറ്ററിൽ പോയി കണ്ട സിനിമയാണ് താഴ്‌വാരം. എനിക്ക് പേടിയായി ആ സിനിമ കണ്ടപ്പോൾ. ഒരു സിനിമ കണ്ടിട്ട് അതിൽ പ്രേതം ഇല്ലാതെ പേടിയാവുക എന്നത് വലിയ പാടാണ്. പിന്നെയും ഞാൻ ആ സിനിമ കണ്ടു. രാത്രി മൂടി കിടക്കുമ്പോൾ ആരെങ്കിലും വന്ന് കൊല്ലും എന്നൊക്കെയായിരുന്നു പേടി വന്നത്, പുതപ്പൊക്കെ മൂടി കിടക്കുമ്പോൾ, 'കൊല്ലാൻ അവനും, ചാകാതിരിക്കാൻ ഞാനും' ആ മൂഡൊക്കെ പിടിച്ചിട്ടുണ്ട്. പിന്നീട് സ്പാഗെട്ടി വെസ്റ്റേണുകളും ലിയോണിന്റെ വർക്കുകളും ഹോളിവുഡ് സിനിമകളുമൊക്കെ കണ്ടതിന് ശേഷം ഞാൻ വീണ്ടും താഴ്‌വാരം കണ്ടു. അപ്പോഴാണ് താഴ്‌വാരം എന്തൊരു വലിയ സിനിമയാണെന്ന് മനസിലായത്. അങ്ങനെ താഴ്‌വാരം എനിക്ക് ട്രിപ്പ് ആയി. അതിലെ വില്ലന് ഒരു വെസ്റ്റേൺ സ്റ്റൈലുണ്ടായിരുന്നു. അതിലെ ഭൂപ്രകൃതി, എത്ത്നോ​ഗ്രഫി, വിഷ്വൽസ്, കഥാപാത്രങ്ങളെക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചു തുടങ്ങിയത് താഴ്‌വാരം വീണ്ടും കണ്ടു തുടങ്ങിയപ്പോഴാണ്. ചെറുപ്പത്തിൽ കണ്ടപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു എന്ന് എനിക്കോർമയുണ്ട്." കൃഷാന്ദ് പറഞ്ഞു.

മോഹൻലാൽ- കൃഷാന്ദ് കൂട്ടുകെട്ടിൽ പുതിയ സിനിമ

അതേസമയം മോഹൻലാൽ- കൃഷാന്ദ് കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന റിപ്പോർട്ടുകൾ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്. അടുത്തിടെ മോഹൻലാലുമായുള്ള സിനിമയെ കുറിച്ച് കൃഷാന്ദ് സംസാരിച്ചിരുന്നു. മോഹൻലാൽ തിരക്കഥ വായിച്ച് അതിന്റെ ചർച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്നാണ് കൃഷാന്ദ് പറയുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിന് മുൻപ് എഴുതിയ തിരക്കഥയാണിതെന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു.

"സ്ക്രീൻപ്ലേ വായിച്ച് അതിന്റെ ഡിസ്കഷനിലേക്ക് കടക്കുകയും അതിന്റെ ബജറ്റിങ്ങിലോട്ടൊക്കെ കയറുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറുമായി രണ്ട് മൂന്ന് സിറ്റിങ്ങ് കൂടി ബാക്കിയുണ്ട്. മോഹൻലാൽ സാറിന് സമ്മതമാണെങ്കിൽ നമ്മൾ അത് നന്നായിട്ട് ചെയ്യും, ആ സിനിമയുടെ തിരക്കഥ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെറുക്കുന്നതിന് മുൻപ് ആ സിനിമ ചെയ്യണമെന്നുണ്ട്. ഒരുപാട് വർഷം മുൻപ് തയ്യാറാക്കിയ തിരക്കഥയാണത്. ആവാസവ്യൂഹം ഒക്കെ ചെയ്യുന്നതിനും മുൻപ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. ഹ്യൂമർ ഉണ്ടെങ്കിലും ഒരു ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ്." സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ കൃഷാന്ദ് പറഞ്ഞു.

അതേസമയം കൃഷാന്ദ് സംവിധാനം ചെയ്ത വെബ് സീരീസ് 'സംഭവ വിവരണം നാലര സംഘം' (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ​ഗ്യാങ്) മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിക്കൊണ്ടിരിക്കുന്നത്. സോണി ലിവിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. മാൻകൈൻഡ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ സിരീസില്‍ സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയ യുവതാരങ്ങളും അഭിനയിക്കുന്നു. ഡാർക്ക് കോമഡി, യാഥാർഥ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം, വ്യത്യസ്തമായ കഥപറച്ചിൽ എന്നിവയുടെ ഒരു സവിശേഷമായ കൂട്ട് ആണ് 4.5 ഗ്യാങ് എന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഞായറാഴ്‍ച വൻ തുക, തിരിച്ചുവരവുമായി ജയറാമും. ആശകള്‍ ആയിരം നേടിയത്
ട്രോളോട് ട്രോള്‍, വിജയ്‍യുടെ മുഖഭാവവും ട്രോളായി, ഒടുവില്‍ മൗനം വെടിഞ്ഞു, പ്രതികരണവുമായി നടി മമിത