
മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതമാണ് മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും എല്ലാം നടത്തിയ വേഷപ്പകര്‍ച്ചകള്‍ ഇരുകയ്യുംനീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. തൊഴിലില്ലാതെ കഷ്‍ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, ദാരിദ്യത്തില്‍ പങ്കുചേര്‍ന്നും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും ലാല്‍ കഥാപാത്രങ്ങള്‍ മലയാളിക്ക് കൂട്ടിനെത്തി. മോഹന്‍ലാലിന്റെ ചമ്മിയ ചിരിയും, കള്ളനോട്ടവും, മീശപിരിയും, കുസൃതിത്തരങ്ങളും തോള്‍ചെരിച്ചുമുള്ള നടത്തവും മലയാളികള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതുമാണ്. ഇത്തരം സ്വഭാവമുള്ള കഥാപാത്രങ്ങള്‍ വെള്ളിത്തിരിയില്‍ മറ്റ് നടന്‍മാര്‍ ചെയ്യുമ്പോള്‍ അത് മോഹന്‍ലാലിനെ പോലെയെന്ന് പറയുന്നതും ഇതുകൊണ്ടൊക്കെ തന്നെയാവാം. മാത്രവുമല്ല സ്വന്തം സിനിമകളില്‍ മോഹന്‍ലാലിന്റെ ഡയലോഗോ മാനറിസമോ കൊണ്ടുവന്ന് പ്രേക്ഷകപ്രിയം നേടാന്‍ യുവതാരങ്ങള്‍ പലരും ശ്രമിക്കാറുമുണ്ട്. ഏറ്റവുമൊടുവില്‍ കുഞ്ചാക്കോ ബോബനാണ് ഇങ്ങനെ മോഹന്‍ലാല്‍ ഡയലോഗ് സിനിമയ്‍ക്കു വേണ്ടി ഉപയോഗിക്കുന്നത്.
മുമ്പ് പ്രേമം എന്ന സിനിമയില്‍ നിവിന്‍ പോളി ആഘോഷിക്കപ്പെട്ടപ്പോള്‍ താരതമ്യം വന്നത് മോഹന്‍ലാലുമായിരുന്നു. നിവിന്റെ മീശപിരിച്ചുള്ള നടത്തവും കുസൃതിത്തരങ്ങളും മോഹന്‍ലാല്‍ കഥാപാത്രങ്ങളോടായിരുന്നു മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തിയത്. പിന്നീട് ചാര്‍ളിയായി ദുല്‍ഖര്‍ വന്നപ്പോള്‍ മദ്യപാനരംഗങ്ങള്‍ അടക്കം മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ മാനറിസങ്ങളോട് ചേര്‍ത്തുപറയപ്പെട്ടു. ചാര്‍ളിയെ തൂവാനത്തുമ്പികളിലേയും മായാമയൂരത്തിലേയും മോഹന്‍ലാല്‍ കഥാപാത്രങ്ങളോട് സാമ്യപ്പെടുത്തിയവരും ഉണ്ട്.
പാവാട വന്നപ്പോള്‍ പൃഥ്വിരാജും അനൂപ് മേനോനും മോഹന്‍ലാലായെന്ന് പറഞ്ഞു, ചില പ്രേക്ഷകര്‍. കോടതിയില്‍ വച്ചുള്ള പൃഥ്വിരാജിന്റെ കരച്ചില്‍ പോലും മോഹന്‍ലാലിന്റെ അഭിനയം പോലെയെന്ന് സോഷ്യല്‍മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. മുമ്പ് ആമേന്‍ ഇറങ്ങിയപ്പോള്‍ അതിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തേയും ഇതുപോലെ മോഹന്‍ലാല്‍ കഥാപാത്രത്തോട് ചേര്‍ത്തുപരാമര്‍ശിക്കപ്പെട്ടു. കോഹിനൂര്‍ എന്ന ചിത്രത്തില്‍ ആസിഫ് അലിയും പഴയകാല മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളിലേക്കാണ് കൂട്ടുകൂടാന്‍ ശ്രമിച്ചത്. ജനപ്രിയനായകന്‍ ദിലീപിലും മുമ്പ് പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളെ തേടിയവരുണ്ടായിരുന്നു.
ഇപ്പോള്‍ പല സിനിമകളിലും യുവതാരങ്ങള്‍ മോഹന്‍ലാലിനെ അനുകരിച്ച് കയ്യടിനേടാറുമുണ്ട്. കുഞ്ചാക്കോ ബോബന്‍ തന്റെ പുതിയ സിനിമയുടെ ട്രെയിലറില്‍ തന്നെ മോഹന്‍ലാലിന്റെ സംഭാഷണം ഉപയോഗിച്ചിട്ടുണ്ട്. 30 വര്‍ഷങ്ങള്‍ക്കു ശേഷം ഉദയ ഒരു സിനിമ അണിയിച്ചൊരുക്കുന്നുവെന്ന കാര്യം പറയാന്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിക്കുന്നതു മോഹന്‍ലാല്‍ അവതരിപ്പിച്ച ദാസന്റെ ഡയലോഗ് ആണ്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയുടെ ട്രെയിലറിലാണ് കുഞ്ചാക്കോ ബോബന്‍ മോഹന്‍ലാലിന്റെ ഡയലോഗ് പറയുന്നത്.
മോഹന്‍ലാലിന്റെ നടത്തവും മോഹന്‍ലാല്‍ സിനിമകളിലെ സംഭാഷണങ്ങളും യുവതാരങ്ങള്‍ അനുകരിക്കുന്നത് ആ ജനപ്രിയത തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്. മലയാളിക്ക് അത്രത്തോളം സ്വന്തമെന്നു കരുതുന്നതാണ് മോഹന്‍ലാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ മറ്റ് നടന്‍മാരിലും പ്രേക്ഷകര്‍ കണ്ടെടുക്കുകയും ചെയ്യും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ