
തൃശൂര്‍: ഇന്ത്യന്‍ സിനിമയില്‍ വലിയ ശ്രദ്ധ നേടി മമ്മൂട്ടിയുടെ പേരന്‍പ് കുതിക്കുകയാണ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്‍ അമുദവന്‍റെയും കഥ പറയുന്ന ചിത്രം തീയറ്ററുകളെ കണ്ണീരിലാഴ്ത്തുകയാണ്. അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്ക് പടരുന്ന പേരന്‍പിന് വലിയ നിരൂപക പ്രശംസയും നേടാനായിട്ടുണ്ട്.
അതിനിടയിലാണ പേരന്‍പിലെ മമ്മൂട്ടിയെന്ന അച്ഛന്‍ കഥാപാത്രത്തെ പോലെ സ്വന്തം ജീവിത്തതില്‍ അനുഭവിക്കുന്ന നൊമ്പരം പങ്കുവച്ച് ചാവക്കാട് സ്വദേശി കെ വി അഷ്റഫ് രംഗത്തെത്തിയത്. അമുദവനെപ്പോലെയുളള അനേകം അച്ഛന്മാരിൽ ഒരാളാണ് ഞാനും, അമുദവൻ അനുഭവിക്കുന്ന ആത്മ സംഘർഷത്തിന്റെ തീവ്രത എന്റെ നെഞ്ചിലെ നെരിപ്പോടിൽ എരിയുന്നത് ഇത് വരെ ആരോടും പറഞ്ഞിട്ടില്ലെന്നും അഷ്റഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അഷ്റഫിന്‍റെ കുറിപ്പ്
"പേരൻപ് " മലയാള , തമിഴ് സിനിമാ ലോകം നെഞ്ചിലേറ്റിരിക്കുകയാണല്ലോ , അമുദവനും(മമ്മൂട്ടി) പാപ്പയും(സാധന)യും പ്രേക്ഷക മനസ്സിൽ ഒരു തേങ്ങലായ് മാറിക്കഴിഞു,ഭിന്നശേഷിക്കാരിയായ മകളും അച് ഛനും ജനഹൃദയങ്ങളിൽ ഒരു നൊമ്പരമായ് മാറിക്കഴിഞു,നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും ഇതിനകം കുറെ വായിച്ചു കഴിഞു,ഈ സിനിമ കാണാൻ എന്തായാലും ഭാര്യ റൗഫത്തിനെ കൊണ്ട് പോകുന്നില്ല, അവൾക്ക് കാണാനുളള ത്രാണിയുണ്ടാവില്ല. ജീവിതത്തിന്റെ പകർന്നാട്ടം കണ്ടിരിക്കാൻ അവൾക്ക് കഴിയില്ല. അമുദവനെപ്പോലെയുളള അനേകം അച്ഛന്മാരിൽ ഒരാളാണ് ഞാനും .അമുദവൻ അനുഭവിക്കുന്ന ആത്മ സംഘർഷത്തിന്റെ തീവ്രത എന്റെ നെഞ്ചിലെ നെരിപ്പോടിൽ എരിയുന്നത് ഇത് വരെ ആരോടും പറഞിട്ടില്ല , 2009 ആഗസ്റ്റ് 26 മകൾ അംന (പമ)യുടെ ജനനം, പ്രസവിച്ചതിനു പിറ്റേ ദിവസം ചില അസ്വഭാവിക ലക്ഷണങ്ങൾ മകളിൽ കണ്ടതിനെ തുടർന്ന് ഡോക്ടർ എന്നെ വിളിപ്പിച്ചു, ഡൗൺസ് സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ് മകൾക്കുളളതായി ഡോക്ടർ പറഞു ,ഡോക്ടറുടെ വിശദീകരണം പൂർത്തിയായി , എന്റെ കണ്ണിൽ ഇരുട്ട് കയറി ,കണ്ണുകൾ നിറഞൊഴുകി,ഇതിനിടയിൽ കാര്യങ്ങൾ എന്താണ് എന്നറിയാൻ റൗഫത്ത് തിരക്കു കൂട്ടുന്നുണ്ടായിരുന്നു ,അവളോട് പറയാൻ മടിച്ചു , നിർബന്ധം കൂടിയപ്പോൾ മടിച്ച് മടിച്ച് കാര്യങ്ങൾ പറഞു, അവൾ ആദ്യം നിർവ്വികാരമായി കാര്യങ്ങൾ കേട്ടു, പിന്നെ എന്റെ കൈകൾ ചേർത്ത് പിടിച്ച് പൊട്ടിക്കരഞു , മനസ്സാന്നിദ്ദ്യം വീണ്ടെടുത്ത് ഞാൻ സഹോരന്മാരെ ഫോണിൽ വിളിച്ചു.അവരുടെ ആശ്വാസ വാക്കുകളൊന്നും മനസ്സിൽ കയറുന്നില്ല, ആശുപത്രിയിൽ അന്ന് രാത്രി ഞാനും റൗഫത്തും ഉറങ്ങാതെ കഴിച്ചു കൂട്ടി , പിറ്റേന്ന് ജൂബിലി മിഷനിലേക്ക് കുട്ടിയുമായി പോയി , സിസേറിയൻ കഴിഞ അസ്വാസ്യങ്ങക്കിടയിലും റൗഫത്തും തൃശൂരിലേക്ക് പോന്നു , അവിടെ രണ്ട് ദിവസം അഡ്മിറ്റായി , വിദഗ്ദ പരിശോദനയിൽ ഡൗൺസ് സിൻഡ്രം , ഒാട്ടിസം തുടങ്ങി എല്ലാ കാര്യങ്ങളും ഡയഗ്നോസ്റ്റിക് റിപ്പോർട്ടിൽ പറഞു , മനസ്സിലാകെ ശൂന്യത പടർന്നു , ഞാൻ തളർന്നാൽ റൗഫത്തും തളരും , മോൾ മറ്റു കുട്ടികളെ പോലെ പ്രാപ്തയാകുമോ , അവൾ ചോദിച്ചു . ഞാൻ പറഞു കഴിയും ,അതൊരു ഉറച്ച വാക്കായിരുന്നു, പിന്നെ മകളു(പമ)മായി കയറിറങ്ങാത്ത സ്ഥലങ്ങില്ല , ആദ്യം തൃശൂർ അശ്വനി ഹോസ്പിറ്റലിൽ രണ്ടു മാസം പ്രായമുളളപ്പോൾ ഫിസിയോ തെറാപ്പിക്ക് കൊണ്ട് പോകാൻ തുടങ്ങി , പിന്നെ കുന്നംകുളം THFIയിൽ കൊണ്ടു പോയി , പത്ത് വർഷം വിവിധ ആശുപത്രികൾ ,മകളെ തോളിലേറ്റി നിരന്തരമായ യാത്രകൾ അധികവും റൗഫത്താണ് നടത്തിയിരുന്നത് , അവൾക്കും അത് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കി, ഫിസിയോ തെറാപ്പിക്ക് ഫലം കണ്ട് തുടങ്ങി, അവൾ പിടിച്ച് നിൽക്കാനും മറ്റും തുടങ്ങി ,വീണ്ടും തൃശൂരിലെ എഫാത്തയിൽ സ്പീച്ച് തെറാപ്പി , സൈക്കോയും , ഇപ്പോഴും ചികിൽസ തുടരുന്നു , ആദ്യം ചികിൽസിച്ച ഡോക്ടർ പറഞത് ഇപ്പോഴും
മനസ്സിലുണ്ട് , എത്ര വില പിടിച്ച മരുന്നിനും ഈ അസുഖത്തെ മാറ്റാൻ കഴിയില്ല , പക്ഷെ നിങ്ങളുടെ കഠിന പരിശ്രമം ഇവളെ ഒരു പാട് മാറ്റാൻ കഴിയും , മരുന്നുകൾക്കല്ല അവൾക്ക് നല്കുന്ന സ്നേഹത്തിനും പരിശീലനത്തിനും മാത്രമേ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയൂ, ഇപ്പോളവർ എഴുതാനും വായിക്കാനും കുറെശ്ശെ തുടങ്ങിയിട്ടുണ്ട് ,സംസാരം അവ്യക്തമെങ്കിലും കാര്യങ്ങൾ തിരിച്ചറിയാനും ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട് ,ഞാൻ വീട്ടിലെത്തുമ്പോഴേക്കും വാതിൽ തുറക്കാനായി ഒാടിയെത്തും , എന്റെ ബാഗിലോ കീശയിലോ മധുര പലഹാരം ഉണ്ടോ എന്ന് പരതി നോക്കും , ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും , അവൾക്കേറെ ഇഷ്ടമുളള വർണ്ണ ഉടുപ്പുകൾ അണിയിച്ച് ഉൽസവങ്ങൾക്കും സിനിമ ക്കും കൊണ്ട് പോകും ,എന്റെ മൊബൈൽ സ്വയം ഒാൺചെയ്ത് അതിൽ അവൾക്കേറെ ഇഷ്ടമുളള പാട്ടുകൾ കേട്ട് അവയൊക്കെ അവ്യക്തമായി എനിക്ക് പാടി തരും ,പമയുടെ ചിരിയും കളിയുമാണ് ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ