
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1 : ചന്ദ്ര' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. ഓഗസ്റ്റ് 28 ന് റിലീസായ ചിത്രം ആഗോള തലത്തിൽ 65 കോടിയോളം രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. കല്യാണിയുടെയും മറ്റ് താരങ്ങളുടെയും പ്രകടനത്തെ കുറിച്ച് നിരവധി പ്രശംസകൾ വരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഡൊമിനിക് അരുൺ എന്ന ചിത്രത്തിൻറെ സംവിധായകനെ കുറിച്ച് തന്നെയാണ്. കേവലം രണ്ടാമത്തെ സിനിമയിലൂടെ മലയാള സിനിമാലോകത്ത് തന്റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഡൊമിനിക് അരുൺ.
ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'തരംഗം' എന്ന ചിത്രമായിരുന്നു ഡൊമിനിക് അരുണിന്റെ ആദ്യ ചിത്രം. ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും നിരൂപക പ്രശംസകൾ നേടാൻ തരംഗത്തിന് ലഭിച്ചിരുന്നു. ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ആയിരുന്നു തരംഗം നിർമ്മിച്ചിരുന്നത്. 2017 ലായിരുന്നു തരംഗം റിലീസ് ആയത്. എട്ട് വർഷങ്ങൾക്ക് ശേഷം രണ്ടാമതൊരു ചിത്രവുമായി ഡൊമിനിക് അരുൺ എത്തിയപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ് ലോക. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ തരംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഡൊമിനിക് അരുൺ. തരംഗത്തിന്റെ പരാജയം തന്നെ ഒരുപാട് ബാധിച്ചിരുന്നു എന്നാണ് ഡൊമിനിക് അരുൺ പറയുന്നത്.
"തരംഗം പരാജയപ്പെട്ടപ്പോള്‍ അതെന്നെ ബാധിച്ചിരുന്നു. ഇത് ഇങ്ങനെയല്ലേ പരിപാടി, നമ്മള്‍ വിചാരിക്കുന്നത് പോലെ നടക്കില്ലേ എന്നൊരു ചിന്തയുണ്ടായിരുന്നു. അങ്ങനെയുള്ള സെല്‍ഫ് ഡൗട്ടൊക്കെ തോന്നിയ സമയമായിരുന്നു അത്. പിന്നെ അടുത്ത ഒരു ഐഡിയ കിട്ടുമ്പോഴേക്കും നമ്മള്‍ ഇത് മറക്കും. പിന്നെ കുറച്ചുകൂടെ ഓക്കെയാകും. തരംഗം കഴിഞ്ഞിട്ട് ഞാൻ വെറുതെയിരിക്കുകയായിരുന്നില്ല, ഇതിനിടയില്‍ കുറച്ച് എഴുത്തും പരിപാടിയുമൊക്കെയുണ്ടായിരുന്നു. ഒരു സിനിമ ഏകദേശം ചെയ്യാനിരുന്നിപ്പോഴാണ് കൊവിഡ് വന്നത്. അങ്ങനെയൊരു പ്രൊജക്ട് കൊവിഡ് സമയത്ത് ചെയ്യാന്‍ കഴിയില്ലായിരുന്നു. പിന്നെ അങ്ങനെയൊരു സിറ്റുവേഷനില്‍ ചെറിയ പടം ചെയ്യാമെന്ന് വിചാരിച്ചു. അതും പല കാരണങ്ങള്‍ കൊണ്ട് മാറി പോയി. മാറി പോകുമ്പോഴും ഞാന്‍ വിചാരിച്ചിരുന്നത് നമുക്ക് ഇഷ്ടമുള്ള ഒരു സംഭവം ചെയ്താല്‍ മതി, വെറുതേ ഒരു സിനിമ ചെയ്യേണ്ടതില്ല എന്നാണ്." ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഡൊമിനിക് അരുണിന്റെ പ്രതികരണം.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പർഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ