ആര്യ മുസ്ലിമാണ്, മതം മാറാന്‍ തയ്യാറാണോ? എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ വിവാദത്തില്‍

By Web DeskFirst Published Mar 9, 2018, 7:06 PM IST
Highlights
  • ആര്യ ജംഷാദാണ് , മതം മാറാന്‍ തയ്യാറാണോ? എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ വിവാദത്തില്‍

ചെന്നൈ: നടന്‍ ആര്യക്ക് പങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ആണ് കളേഴ്സ് ടിവി ആരംഭിച്ച 'എങ്ക വീട്ട് മാപ്പിളൈ'.  നേരത്തെ പങ്കാളിയെ കണ്ടെത്താന്‍ ഫേസ്ബുക്ക് വഴി ആര്യ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊരു കൂട്ടു വേണമെന്നും വധുവിനെ കുറിച്ച് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണം എന്നതു മാത്രമാണ് ഡിമാന്‍റെന്നും ആര്യ ലൈവില്‍ പറഞ്ഞിരുന്നു. ഇതോടെ ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളും ഫോണ്‍കോളുമാണ് ആര്യയെ തേടിയെത്തിയത്.

ഇതില്‍ 16 പേരെ തിരഞ്ഞെടുത്താണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പരിപാടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പങ്കാളിയെ കണ്ടെത്തേണ്ടത് റിയാലിറ്റി ഷോ നടത്തിയല്ലെന്ന് ചിലര്‍ ആരോപിക്കുമ്പോള്‍ നാണമില്ലാത്ത നാടകമാണ് പരിപാടിയെന്നും ചിലര്‍ ആരോപിക്കുന്നു.  

എന്നാല്‍ ഷോക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ഷോയില്‍ വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. ആര്യയുടെ യഥാര്‍ഥ പേര് ജംഷാദ് എന്നാണെന്നും അദ്ദേഹം മുസ്ലിം ആണെന്നും വരലക്ഷ്മി പറഞ്ഞു. തുടര്‍ന്ന് ആര്യക്ക് വേണ്ടി മതം മാറാന്‍ തയ്യാറാണോ എന്നും വരലക്ഷ്മി ചോദിച്ചു. ഇതിന് ചിലര്‍ മാറുമെന്ന് മറുപടിയും നല്‍കി. ചിലര്‍ മതം മാറില്ലെന്നും പറഞ്ഞു.

ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തതോടെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി. കളേഴ്സ് ടിവിയുടെത് വൃത്തികെട്ട പരിപാടിയാണെന്നും ഇത്തരത്തില്‍ ഒരു ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അത് അവര്‍ വര്‍ഗീയവാദിയാകുമെന്നും ഇത് ലൗ ജിഹാദാണെന്നും എച്ച് രാജ ട്വീറ്റില്‍ ആരോപിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ പരിപാടിയുടെ തുടക്കത്തില്‍ തന്നെ കടുത്ത  വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനെതിരെ പുറത്തിറക്കിയ യൂട്യൂബ് വിഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സ്ത്രീകളുടെ മനസുവച്ച് കളിക്കരുതെന്നും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട പരിപാടിയെന്നുമടക്കമുള്ള പോസ്റ്റൂകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

click me!