
ഇന്ത്യയുടെ സംഗീതവിസ്മയം എംഎസ് സുബ്ബലക്ഷ്മിയുടെ നൂറാം പിറന്നാളാണ് ഇന്ന്. സുബ്ബലക്ഷ്മി നമ്മെ വിട്ട് പിരിഞ്ഞിട്ട് 11 വർഷം കഴിഞ്ഞെങ്കിലും ആ സ്വരമാധുരി എന്നും ഭാരതത്തെ ഉണർത്തിക്കൊണ്ടേയിരിക്കുന്നു .
കൗസല്യ സുപ്രജ. വെങ്കിടേശ്വര സുപ്രഭാതം. സൂര്യോദയത്തിനും മുൻപേ തുടങ്ങുന്ന നാദത്തിന്റെ ഉദയം ( നാദോദയം) സുബ്ബലക്ഷ്മിയുടെ ശബ്ദമാധുരിയിൽ കേട്ട് ഭാരതീയർ ഉണരാൻ തുടങ്ങിയിട്ട് ദശകങ്ങൾ എത്രയോ കടന്നു പോയിരിക്കുന്നു. ആസേതു ഹിമാചല ഭാരതഭൂവിൽ ഇക്കാലം കൊണ്ട് തലമുറകൾ എത്ര മാറി.
എന്നാല്‍ കാലത്തിനെന്നല്ല ദേശത്തിന്റെയും സംസ്കാരത്തിന്റെയും വരമ്പുകൾക്കും എംഎസ് സുബ്ബലക്ഷ്മിയുടെ സംഗീതത്തിന് അതിർത്തി തീർക്കാനായിട്ടില്ല . 1966 ഒക്ടോബർ 23ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഹരികാംബോജി നിറഞ്ഞപ്പോൾ മാനവസമൂഹത്തിന്റെ വൈവിധ്യമെല്ലാം ഉൾക്കൊണ്ടൊരു സദസ് ലയിച്ചിരുന്നത് അതുകൊണ്ടാണ്.
ആരു പാടുന്നതിനെക്കാളും “ഹരി തും ഹരോ” ഭജൻ സുബ്ബലക്ഷ്മി പറയുന്നതാണെനിക്കിഷ്ടമെന്ന് പറഞ്ഞത് നമ്മുടെ സ്വന്തം മഹാത്മാ ഗാന്ധി. ഈ സംഗീത രാജ്ഞിക്ക് മുന്നിൽ ഞാൻ വെറുമൊരു പ്രധാനമന്ത്രിയെന്ന് നെഹ്റു. ഭാരതരത്നമടക്കം ഉയർന്ന ബഹുമതികൾ എല്ലാം നൽകി രാജ്യം ആദരിച്ച പ്രതിഭ.
വീണവിദഗ്ധയായിരുന്ന ഷണ്മുഖ വടിവിന്റെയും സുബ്രഹ്മണ്യ അയ്യങ്കാരുടെയും മകളായി 1916 സെപ്റ്റംബർ 16ന് മധുരയിലാണ് സുബ്ബലക്ഷ്മി ജനിച്ചത്. അമ്മ തന്നെയായിരുന്നു സംഗീതത്തിലെ ആദ്യഗുരു.
പത്താം വയസിൽ അമ്മയുടെ നിർബന്ധത്തിലാണ് ആദ്യമായി വേദിയിലെത്തുന്നത് . അഞ്ചാം ഗ്രേഡിൽ ഔപചാരിക വിദ്യാഭ്യാസം നിർത്തിയെങ്കിലും സംഗീതപഠനം ജീവിതത്തോട് ചേർത്തുവച്ചു. മധുരൈ ശ്രീനിവാസ് അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, പണ്ഡിറ്റ് നാരായണറാവു വ്യാസ് തുടങ്ങി മഹാരഥൻമാരിൽ നിന്ന് സംഗീതത്തിൽ കൂടുതൽ അറിവ് നേടി.
1940ൽ സ്വാതന്ത്ര്യസമരസേനാനിയും പുരോഗമനവാദിയും ആയിരുന്ന ടി സദാശിവവുമായുള്ള വിവാഹം. കൂടുതൽ ഉയരങ്ങളിലേക്ക്. സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിന് എന്നും കരുത്തായി നിന്നു സദാശിവം. 1997ൽ സദാശിവത്തിന്റെ മരണത്തോടെയാണ് സുബ്ബലക്ഷ്മി പൊതുവേദികളിലെ കച്ചേരി അവസാനിപ്പിച്ചത്. 2004 ഡിസംബർ 11ന് 88 ആം വയസിൽ സുബ്ബലക്ഷ്മി എന്ന സംഗീത വിസ്മയം ലോകത്തോട് വിടപറഞ്ഞു. പക്ഷെ മരണവും ഈ നാദമാധുരിക്ക് മുന്നിൽ തോറ്റുപോകുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ