'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത് മറ്റാരോ'; മമ്മൂട്ടി ഫാന്‍സിനെതിരായ ആരോപണം പിന്‍വലിക്കുന്നെന്ന് മാലാ പാര്‍വ്വതി

By Web DeskFirst Published Jul 10, 2018, 9:09 PM IST
Highlights
  • കൂടെയിലെ ഇന്ന് പുറത്തെത്തിയ വീഡിയോ സോംഗിനെതിരേ ഹേറ്റ് ക്യാംപെയ്‍ന്‍ നടന്നിരുന്നു

പാര്‍വ്വതി അഭിനയിക്കുന്നതിന്‍റെ പേരില്‍ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ വീഡിയോ സോംഗിനെതിരേ ഹേറ്റ് ക്യാംപെയ്‍ന്‍ നടത്താന്‍ മമ്മൂട്ടി ആരാധകര്‍ ശ്രമം നടത്തിയെന്ന ആരോപണം പിന്‍വലിക്കുന്നതായി ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മാലാ പാര്‍വ്വതി. തങ്ങളുടെ പേരില്‍ മറ്റാരോ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും ആരോപണത്തിനൊപ്പം താന്‍ ഫേസ്ബുക്കിലിട്ട സ്ക്രീന്‍ ഷോട്ടിലുള്ള വാട്ട്സ്ആപ് ഗ്രൂപ്പ് വ്യാജമാണെന്നും മമ്മൂട്ടി ഫാന്‍സ് പ്രതികരിച്ചെന്നും മാലാ പാര്‍വ്വതി പറയുന്നു.

കൂടെയിലെ ഇന്ന് രാവിലെ യുട്യൂബിലെത്തിയ വാനവില്ലേ എന്നാരംഭിക്കുന്ന വീഡിയോ സോംഗ് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ യുട്യൂബ് ഇന്ത്യ ട്രെന്‍റിംഗ് ലിസ്റ്റില്‍ എട്ടാമതുള്ള പാട്ട് പക്ഷേ ലൈക്കുകള്‍ക്കൊപ്പം ഒട്ടേറെ ഡിസ്‍ലൈക്കുകളും നേടി. എണ്ണായിരത്തിലേറെ ലൈക്കുകള്‍ ലഭിച്ചപ്പോള്‍ മൂവായിരത്തി അഞ്ഞൂറിലേറെ ഡിസ്‍ലൈക്കുകളും ലഭിച്ചു ഗാനത്തിന്. പാര്‍വ്വതി നായികയായി ഇപ്പോള്‍ തീയേറ്ററുകളിലുള്ള മൈ സ്റ്റോറി എന്ന ചിത്രത്തിനും ഇത്തരത്തില്‍ ഹേറ്റ് ക്യാംപെയ്ന്‍ നേരിടേണ്ടിവന്നിരുന്നു. 

 

മമ്മൂക്ക മൂവി പ്രൊമോഷന്‍ എന്ന് പേരായ വാട്ട്സ്ആപ് ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു മാലാ പാര്‍വ്വതി ഫേസ്ബുക്കിലൂടെ തുടക്കത്തില്‍ ആരോപണം ഉന്നയിച്ചത്. പാര്‍വ്വതിയുള്ള ഗാനമായതിനാല്‍ ഡിസ്‍ലൈക്കിനുള്ള ആഹ്വാനം നല്‍കുന്നതിന്‍റേതായിരുന്നു സ്ക്രീന്‍ ഷോട്ട്. പാര്‍വ്വതി ഒരു അസാമാന്യ നടിയാണെന്നും അവരെ ഉപദ്രവിക്കരുതെന്നും താങ്കള്‍ ഇതില്‍ ഇടപെടണമെന്നുമൊക്കെ മമ്മൂട്ടിയെ അഭിസംബോധന ചെയ്ത് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു മാലാ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

"പ്രിയ മമ്മൂക്ക.. ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്.. പരസ്പരം സ്നേഹമായി നമുക്ക് പ്രവർത്തിക്കാൻ പറ്റണം. ഇവിടെ ഒരു # തുടങ്ങുന്നു. #Standwithparvathi. ഇത് ഞാൻ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ.. പാർവതിയ്‌ക്കൊപ്പം നിൽക്കണം."

എന്നാല്‍ വാട്ട്സ്ആപ് ആഹ്വാനത്തിന് പിന്നില്‍ തങ്ങളല്ലെന്നും മറ്റാരോ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും മമ്മൂട്ടി ഫാന്‍സ് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മാലാ പാര്‍വ്വതി പിന്നാലെ മറ്റൊരു ഫേസ്ബുക്കിലൂടെ അറിയിച്ചു. അതിനാല്‍ നേരത്തേ ഉയര്‍ത്തിയ ആരോപണം താന്‍ പിന്‍വലിക്കുന്നുവെന്നും.

പുതിയ ഫേസ്ബുക്ക് പോസ്റ്റ്

"കൂട്ടുകാരെ.. മമ്മുക്ക ഫാൻസിന്റെ വിശദീകരണമാണിത്. ഞാൻ രാവിലെ പോസ്റ്റ് ചെയ്ത അക്കൗണ്ട് ഫേക്ക് ആണെന്ന്.മറ്റാരോ ആണ് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നതെന്ന്.മമ്മൂക്കയുടെ ഫാൻസ് ആയത് കൊണ്ടാണ് ഞാൻ അപേക്ഷിച്ചത്. നിങ്ങളുടെ അല്ല എന്ന് വിശദീകരിച്ചത് കൊണ്ട് ഞാൻ പറഞ്ഞത് പിൻവലിക്കുന്നു. പക്ഷേ പിണക്കം ഉള്ളവരെ കുറേ കണ്ടു. ഒക്കെ വ്യക്തിപരമായ കാര്യമാണ്. എങ്കിലും ക്ഷമിക്കാൻ ഒരു ചേച്ചിയുടെ അപേക്ഷ. മാനിക്കും എന്ന് കരുതുന്നു."

 

click me!