യുഎസില്‍ തരംഗം തീര്‍ത്ത് ദുല്‍ഖറിന്റെ 'മഹാനടി'; പ്രിവ്യൂ കളക്ഷനില്‍ അല്ലു അര്‍ജ്ജുന്‍ ചിത്രത്തെ മറികടന്നു

By Web DeskFirst Published May 10, 2018, 1:59 PM IST
Highlights
  • അല്ലു അര്‍ജുന്റെ 'നാ പേര് സൂര്യ'യെ മറികടന്നു
     
  • തമിഴ് പതിപ്പ് വെള്ളിയാഴ്ച

ദുല്‍ഖര്‍ സല്‍മാന്റെ ടോളിവുഡ് എന്‍ട്രി 'മഹാനടി'ക്ക് ലോകമെമ്പാടുമുള്ള തെലുങ്ക് സിനിമാ മാര്‍ക്കറ്റുകളില്‍ മികച്ച പ്രതികരണം. ബുധനാഴ്ചയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിനെത്തിയത്. ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കുമൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചിത്രമെത്തി. ഒപ്പം യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും. പ്രേക്ഷകര്‍ക്കൊപ്പം രാജമൗലി ഉള്‍പ്പെടെയുള്ള പ്രമുഖ തെലുങ്ക് സിനിമാപ്രവര്‍ത്തകരും ചിത്രത്തെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന മൗത്ത് പബ്ലിസിറ്റി ബോക്‌സ്ഓഫീസിലും പ്രതിഫലിക്കുമെന്ന ഉറപ്പിലാണ് നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളുവെങ്കില്‍ യുഎസില്‍ നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളുടെ ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ട് ഇതിനകം പുറത്തെത്തിയിട്ടുണ്ട്.

റിലീസിന് തലേന്ന് മിക്ക പ്രധാന തെലുങ്ക് റിലീസുകള്‍ക്കും യുഎസില്‍ പെയ്ഡ് പ്രിവ്യൂകള്‍ നടത്താറുണ്ട്. സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ കൂടുതലാവും ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകാര്‍ ഈടാക്കുക. ഈ സീസണിലെ പ്രധാന തെലുങ്ക് റിലീസായിരുന്ന ചിത്രത്തിന് യുഎസില്‍ മാത്രം 150 സ്‌ക്രീനുകളാണ് ലഭിച്ചത്. അവിടങ്ങളിലെ പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍നിന്ന് ലഭിച്ചത് 3.03 ലക്ഷം ഡോളറും (2.04 കോടി രൂപ). പ്രിവ്യൂ കളക്ഷനില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്റെ ഏറ്റവും പുതിയ ചിത്രം 'നാ പേര് സൂര്യ'യെ 'മഹാനടി' മറികടന്നു. 2.14 ലക്ഷം ഡോളറായിരുന്നു (1.43 കോടി രൂപ) അല്ലു അര്‍ജ്ജുന്‍ ചിത്രത്തിന്റെ യുഎസ് പ്രിവ്യൂ കളക്ഷന്‍. 

മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് മികച്ച ഓവര്‍സീസ് റൈറ്റ്‌സും ലഭിച്ചിരുന്നു. നിര്‍വാണ സിനിമാസിനാണ് ചിത്രത്തിന്റെ വിദേശ റൈറ്റുകള്‍ ലഭിച്ചിരിക്കുന്നത്.

click me!