ദിലീപ്, അജു വര്‍ഗീസ്, സലീംകുമാര്‍, സജി സന്ത്യാട്ട് എന്നിവര്‍ക്കെതിരെ പരാതി

By Web DeskFirst Published Jul 3, 2017, 2:44 PM IST
Highlights

തിരുവനന്തപുരം: അക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ദിലീപ്, അജു വര്‍ഗീസ്, സലീംകുമാര്‍, സജി സന്ത്യാട്ട് എന്നിവര്‍ക്കെതിരെ മഹിള കോണ്‍ഗ്രസിന്റെ പരാതി. പീഢന കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി കുറ്റകൃത്യമാണെന്ന് വിവിധ കേസുകളുടെ വാര്‍ത്തകളിലൂടെ പൊതുസമൂഹത്തിന് ബോധ്യമുള്ള സാഹചര്യത്തില്‍ ഇരയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി.

ഈ കേസിലെ ഒരു പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാര്‍ ജയിലില്‍ വച്ച് എഴുതിയ കത്തിനെ സംബന്ധിച്ചുള്ള മാധ്യമ ചര്‍ച്ചകളിലൂടെയും ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയും മലയാള സിനിമാ രംഗത്തെ പ്രമുഖ നടന്‍മാരായ ദിലീപ്, സലീംകുമാര്‍, അജു വര്‍ഗീസ് നിര്‍മ്മാതാവായ സജി നന്ദ്യാട്ട് എന്നിവര്‍ ഈ കേസിലെ ഇരയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും അപമാനിക്കുകയും ഇരയുടെ പേര് വെളിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ പറയുകയും പോസ്റ്റുകള്‍ ഇടുകയും ചെയ്തുവെന്നാണ് പരാതി.

ഈ കേസിലെ പ്രതിയായ സുനിലും ഇരയും തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നടി കൂടുതല്‍ ശ്രദ്ധിക്കണം എന്നുമായിരുന്നു ദിലീപിന്റെ പ്രസ്താവന. ഇത് പൊതു സമൂഹത്തിന് മുന്നില്‍ ഇരയെ അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം നടത്തിയ പ്രസ്താവനയാണെന്ന് സംശയിക്കുന്നു. സലീംകുമാര്‍ ഇരയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. 

സജി നന്ദ്യാട്ടിന്റെ ചാനല്‍ ചര്‍ച്ചയിലൂടെയുള്ള ക്രൂരമായ പരാമര്‍ശം സമാനതകളില്ലാത്ത അപമാനവും വേദനയും ആണ് സ്വാഭാവികമായി ഇരയ്ക്കുണ്ടാക്കുന്നത്. നടി രണ്ട് മണിക്കൂറാണ് പീഢിപ്പിക്കപ്പെട്ടത് എങ്കില്‍ ദിലീപ് നാല് മാസമായി പീഢിപ്പിക്കപ്പെടുന്നു എന്നാണ് സജി നന്ദ്യാട്ട് പറഞ്ഞത്. പീഢന കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി കുറ്റകൃത്യമാണെന്ന് വിവിധ കേസുകളുടെ വാര്‍ത്തകളിലൂടെ പൊതുസമൂഹത്തിന് ബോധ്യമുള്ള സാഹചര്യത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസും ഇരയ്ക്ക് കടുത്ത അപമാനമാണ് ഉളവാക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.
 

click me!