നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിന് മറുപടിയുമായി മേജര്‍ രവി

By Web TeamFirst Published Feb 1, 2019, 1:30 PM IST
Highlights

പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാറാണ്. അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയല്ല

കൊച്ചി: പത്മഭൂഷന്‍ ജേതാവ് നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി സംസ്ഥാനത്തെ മുന്‍ പൊലീസ് മേധാവിയും ഇപ്പോള്‍ ബിജെപി സഹയാത്രികനുമായ സെന്‍കുമാറിനെ വിമര്‍ശിക്കുന്നത്.

പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാറാണ്. അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയല്ല. വളരെ വര്‍ഷം മാനസികമായും വ്യക്തിപരമായും പീഡനം നേരിട്ട വ്യക്തിയാണ് നമ്പി നാരായണന്‍ ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനാണ്. അതിനാല്‍ തന്നെ ഈ വിധിയെ മാനിക്കണം. മേജര്‍ രവി പറഞ്ഞു.

നമ്പി നാരായണന്‍റെ ജീവിതം സിനിമയാക്കുവാന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിന് ഗവേഷണവും നടന്നു. ഇന്ത്യ ക്രയോജനിക്ക് സാങ്കേതിവിദ്യ കൈവരിക്കുന്നതിനെതിരായ ഗൂഢാലോചനയുടെ ഇരയാണ് നമ്പി നാരായണന്‍. നമ്പി രാജ്യം കണ്ട മികച്ച ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തെ തരംതാണ പ്രസ്താവനകള്‍ ഇറക്കി വേദനിപ്പിക്കരുത് അത് അപലപിക്കുകയാണ്.

മുന്‍ ഡിജിപി സെന്‍കുമാര്‍ ഇപ്പോള്‍ സംസാരിക്കുന്നത് സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് മേജര്‍ രവി കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും സീറ്റ് കിട്ടണം, അല്ലെങ്കില്‍ ഗവര്‍ണറാകണം. ഇത്തരം ലക്ഷ്യങ്ങളാണ് സെന്‍കുമാറിനുള്ളത്. ഇതൊക്കെ വച്ച് നമ്പി നാരായണനെ കുറ്റം പറഞ്ഞത് ഖേദകരമാണ്. സെന്‍കുമാര്‍ എപ്പോഴും ഏതെങ്കിലും പാര്‍ട്ടിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും.

സെന്‍കുമാര്‍ ഏത് പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നുവോ, ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെയാണ് സെന്‍കുമാര്‍ എതിര്‍ക്കുന്നത്. വ്യക്തിലാഭത്തിന് വേണ്ടി സെന്‍കുമാറിനെപ്പോലുള്ള പൊലീസുകാരാണ് നമ്പിയെ കുടുക്കിയത് എന്നും മേജര്‍ രവി ആരോപിച്ചു.

click me!