കാര്യവട്ടം ക്യാമ്പസ്സില്‍ നിന്ന് ഒരു ഫീച്ചര്‍ സിനിമ, 'ഫിക്ഷന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

By Web DeskFirst Published May 26, 2018, 12:01 PM IST
Highlights
  • ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് 'ഫിക്ഷന്‍' എന്ന ചിത്രം.

പുതിയ പ്രതിഭകളുടെ, പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ എന്നും പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഓരോ വെള്ളിയാഴ്ചയും തിയറ്ററുകളില്‍‌ എത്തുന്ന ചിത്രങ്ങൾക്ക് ഒരുപാട് ചെറുപ്പക്കാരുടെ സ്വപ്നങ്ങളുടെയും, വിയർപ്പിന്റെയും വിലയുണ്ട്. അത്തരത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് 'ഫിക്ഷന്‍' എന്ന ചിത്രം. 11th Hour Productions-ന്‍റെ ബാനറിൽ നവാഗതനായ അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ഫിക്ഷന്‍റെ ആദ്യ പോസ്റ്റർ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകമനസുകളില്‍ ഇടംനേടിയ നടന്‍ ആന്‍റണി വര്‍ഗീസ് തന്‍റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

കിരൺ എന്ന എഴുത്തുകാരൻ തന്റെ നോവലിനായി ഒരു യഥാർത്ഥ സംഭവം അന്വേഷിച്ചു പോകുന്നതും, സത്യവും മിഥ്യയും വേർതിരിക്കാൻ കഴിയാതെ സത്യത്തെ കുറിച്ച് അയാൾ നേടുന്ന തിരിച്ചറിവുകളുമാണ് ഫിക്ഷന്റെ ഇതിവൃത്തം. 

കാര്യവട്ടം ക്യാമ്പസില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് മുപ്പത് ദിവസം കൊണ്ടാണ് അഭിലാഷ് സുധീഷ് ഫിക്ഷന്‍ ചിത്രീകരിച്ചത്. സൂര്യകാന്ത് റോയ്, അഭിലാഷ് സുധീഷ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനായി ഡിസ്ട്രിബ്യൂട്ടേഴ്സിനെ കണ്ടെത്താനുളള ശ്രമത്തിലാണ്.   

ചിത്രത്തിന്‍റെ  എഡിറ്റിങും അഭിലാഷ് സുധീഷ് എന്ന തിരുവനന്തപുരം സ്വദേശി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമയില്‍ അസിസ്റ്റന്‍റ് ക്യാമറമാനായി പ്രവര്‍ത്തിച്ച മറ്റൊരു ജേര്‍ണലിസം വിദ്യാര്‍ത്ഥി അഭിറാം ഗോപകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.  അനൂപ് മോഹന്‍, നന്ദു, വാണി, കിരണ്‍, ഫയാസ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ നന്ദു കരിങ്കുന്നം സിക്സസ് ഉള്‍പ്പടെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

click me!