പേരന്‍പ് വൈകി തുടങ്ങി; അക്ഷമരായി കാണികള്‍

By Nirmal SudhakaranFirst Published Nov 25, 2018, 9:21 PM IST
Highlights

ഐനോക്‌സ്‌ സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.45ന് ആരംഭിക്കേണ്ട ചിത്രം ആരംഭിച്ചത് 9.15നാണ്. മുന്‍പ് ഇതേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കഴിയാത്തത് ആയിരുന്നു പേരന്‍പ് വൈകാന്‍ കാരണം. അതിനാല്‍ തന്നെ ഈ താമസം ചിത്രം കാണുവാന്‍ എത്തിയ കാണികളെ അക്ഷമരാക്കി.


സിനിമാപ്രേമികളിൽ വലിയ കാത്തിരിപ്പുണ്ടാക്കിയ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ ​ഗോവ ചലച്ചിത്ര മേളയിൽ ആരംഭിച്ചത് പ്രതീക്ഷിച്ചതിലും അര മണിക്കൂറോളം വൈകി. മേളയുടെ പ്രധാന വേദിയായ ഐനോക്സ് കോംപ്ലെക്സിലെ സ്ക്രീൻ രണ്ടിൽ രാത്രി 8.45നായിരുന്നു ചിത്രത്തിന്റെ പ്രദർശനം. എന്നാൽ 9.15 ഓടെയാണ് ചിത്രം ആരംഭിക്കാനായത്.

തൊട്ടുമുൻപ് ഇതേ സ്ക്രീനിൽ നടന്ന ഷോ കഴിയാൻ താമസിച്ചതായിരുന്നു കാരണം. 6 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ആ പ്രദർശനവും വൈകിയിരുന്നു. 41 മിനിറ്റും 115 മിനിറ്റും വീതം ദൈർഘ്യമുള്ള രണ്ട് ഇന്ത്യൻ പനോരമ ചിത്രങ്ങൾ ഒന്നിച്ചായിരുന്നു ഐനോക്സ് സ്ക്രീൻ രണ്ടിൽ ആറ് മണിക്കുള്ള ഷോയിൽ ഉണ്ടായിരുന്നത്.

പേരൻപിനായി കാണികളുടെ റഷ് ലൈൻ (ടിക്കറ്റ് ലഭിക്കാത്തവരുടെ നിര) മണിക്കൂറിന് മുൻപേ രൂപപ്പെട്ടിരുന്നു. പിന്നാലെ ടിക്കറ്റ് ലഭിച്ചവരുടെ ക്യൂവും സമാന്തരമായി രൂപപ്പെട്ടു. എട്ടരയോടെ തീയേറ്റർ ബിൽഡിം​ഗിലേക്ക് ടിക്കറ്റുള്ളവരെ പ്രവേശിപ്പിച്ചെങ്കിലും സിനിമാഹാളിലേക്ക് കയറ്റിവിടാൻ ഇരുപത് മിനിറ്റോളം വൈകി. ചെറിയ അപശബ്ദങ്ങൾ ഒഴിച്ചാൽ ഒരു ബഹളവുമുണ്ടാക്കാതെയാണ് കാണികൾ കാത്തുനിന്നത്. ടിക്കറ്റ് ലഭിച്ചവരെ പൂർണമായും പ്രവേശിപ്പിച്ചതിന് ശേഷം അഞ്ച് ശതമാനം അധികം വന്ന സീറ്റിൽ റഷ് ലൈനിൽ നിന്ന ഡെലി​ഗേറ്റുകൾക്കും അവസരം ലഭിച്ചു. ചിത്രത്തിന്റെ പ്രദർശനത്തിന് സംവിധായകൻ റാം, മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, നിർമ്മാതാവ് പി എൽ തേനപ്പൻ എന്നിവരൊക്കെ എത്തിയിരുന്നു.

കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ കഴിഞ്ഞ ചിത്രത്തിന്‌ ഷാങ്‌ഹായ്‌ ഉള്‍പ്പെടെ മറ്റ്‌ മേളകളിലും പ്രദര്‍ശനമുണ്ടായിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ ആയിരുന്നു ഷാങ്‌ഹായിലേത്‌. പ്രദര്‍ശനം നടന്ന ഫെസ്റ്റിവലുകളിലെല്ലാം മികച്ച അഭിപ്രായവും ചിത്രം നേടി. 

അമുദന്‍ എന്ന ടാക്‌സി ഡ്രൈവറാണ്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. സമുദ്രക്കനി, അഞ്‌ജലി അമീര്‍, സിദ്ദിഖ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ്‌ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. 

click me!