ഇത്തരം ഭീഷണികളൊന്നും ഇവിടെ വിലപ്പോവില്ല: ജോയ് മാത്യു

നിര്‍മ്മല ബാബു |  
Published : Apr 25, 2018, 07:28 PM ISTUpdated : Jun 08, 2018, 05:46 PM IST
ഇത്തരം ഭീഷണികളൊന്നും ഇവിടെ വിലപ്പോവില്ല: ജോയ് മാത്യു

Synopsis

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ എത്തുന്ന സിനിമ പുതിയ സിനിമ അങ്കിള്‍ അങ്കിള്‍ സിനിമയെ കുറിച്ച് ജോയ് മാത്യു സംസാരിക്കുന്നു

മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ച 'ഷട്ടര്‍' പ്രദര്‍ശനത്തിനെത്തിയിട്ട് ആറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഷട്ടറിന്‍റെ അണിയറക്കാരന്‍ ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഇപ്പോള്‍ പുതിയൊരു സിനിമ കൂടി വരികയാണ്, 'അങ്കിള്‍'. അതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയും. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറെയാണ്. ആ പ്രതീക്ഷകള്‍ നിറവേറുമെന്നുതന്നെയാണ് ജോയ് മാത്യു ഉറപ്പുനല്‍കുന്നതും. ഷട്ടറിന് ഒരുപടി മുകളില്‍ നില്‍ക്കും അങ്കിള്‍ എന്ന സിനിമ. അല്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തി വേറെ പണിക്ക് പോകും എന്നുവരെ ജോയ് മാത്യു പറഞ്ഞുവയ്ക്കുന്നു. പക്ഷേ അതിനിടയ്ക്ക് സിനിമയെ ചൊല്ലി ചില വിവാദങ്ങളും ഉയരുന്നു. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും വിവാദങ്ങളെ കുറിച്ചും ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുന്നു...

അങ്കിള്‍ സിനിമയുടെ ഇതിവൃത്തം...
മൈ ഡാഡ്‌സ് ഫ്രണ്ട് എന്നാണ് അങ്കിള്‍ സിനിമയുടെ ടാഗ് ലൈന്‍. സ്ത്രീലമ്പടനായ ഒരാളുടെ കൂടെ അയാളുടെ സുഹൃത്തിന്‍റെ മകള്‍ യാത്ര ചെയ്യുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രണ്ട് പകലും ഒരു രാത്രിയുമാണ് സിനിമയുടെ ദൈര്‍ഘ്യം. എന്‍റെ ജീവിത കഥയുടെ ഒരു അംശവും കഥയിലുണ്ട്. 

മമ്മൂട്ടി നായകനോ? വില്ലനോ?...
അങ്കിള്‍ സിനിമയില്‍ നായകനോ വില്ലനോ ഒന്നുമില്ല, കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ മനുഷ്യരെയും പോലെ നന്മയും തിന്മയും ഉള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി ചെയ്യുന്ന കൃഷ്ണകുമാര്‍(കെ.കെ) എന്ന കഥാപാത്രം നല്ലതാണോ ചീത്തയാണോ എന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം.

ഷട്ടറിനുശേഷം ആറു വര്‍ഷകാലത്തെ ഇടവേള...
ആ സമയത്തു എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ ചെയ്തത്.  നിരവധി സിനിമകളില്‍ അഭിനയിച്ചു, പുസ്തകങ്ങള്‍ എഴുതി, യാത്രകള്‍ ചെയ്തു അതിലെല്ലാം ഞാന്‍ സന്തോഷം അനുഭവിച്ചു. തിരക്കഥ എഴുതുന്നത് മാത്രമല്ല എന്റെ സന്തോഷം. തിരക്കഥ എഴുതുന്നത് കുറച്ച് ഏറെ സമയമെടുത്ത് ചെയ്യുന്ന ഒരു ജോലിയാണ് എന്ന് മാത്രം. അല്ലാതെ ഒരു നീണ്ട ഇടവേളയായിരുന്നു ഈ ആറു വര്‍ഷക്കാലം എന്ന് തോന്നിയിട്ടില്ല.

അവസാന നിമിഷം ഉയരുന്ന വിവാദത്തെ കുറിച്ച്...
പുതിയ ഒരു ട്രെന്‍ഡ് ആണ് ഇതെന്നാണ് എനിക്ക് തോന്നുന്നത് ഇത്. ഒരു വര്‍ഷത്തോളം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കുന്നത്. ആ സമയത്ത് ചിത്രത്തിന്റെ കഥയും കഥാപാത്രത്തിന്റെ സ്വഭാവവും എല്ലാം വാര്‍ത്തകളിലൂടെ പുറത്തുവന്നിട്ടുണ്ടാവും. അങ്കിളിന്റെ ട്രെയിലര്‍ ഉള്‍പ്പെടെ എല്ലാമിറങ്ങിയ ശേഷമാണ് എനിക്ക് മെസേജുകള്‍ വരാന്‍ തുടങ്ങിയത്. ഈ കഥ കോപ്പി അടിച്ചതാണ് എന്ന് പറഞ്ഞാണ് സന്ദേശങ്ങള്‍. 

ചിത്രം റിലീസിലേക്ക് അടുക്കുമ്പോളാണ് പണ്ട് ഞങ്ങള്‍ എഴുതിയ കഥയാണ് എന്നെല്ലാം പറഞ്ഞുള്ള ആളുകളുടെ ഭീഷണി. അവര്‍ക്കിപ്പോ പണമായി സെറ്റില്‍മെന്റ് വേണമെന്നാണ് ആവശ്യം. ഞാന്‍ അവരെ വെല്ലുവിളിച്ചു, സിനിമയുടെ ക്ലൈമാക്‌സ് എഴുതി അടുത്തുള്ള പത്രത്തിന്റെ ഓഫീസില്‍ കൊടുക്ക്, സിനിമ റിലീസ് ചെയ്തു കഴിയുമ്പോള്‍ ഒരേ ക്ലൈമാക്‌സ് ആണെങ്കില്‍ എന്റെ പ്രതിഫലം അവര്‍ക്ക് കൊടുക്കാം. അതിനൊന്നും ആരും തയ്യാറല്ല. 

അച്ഛന്‍റെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി എന്നത് ആരുടെ മനസില്‍ വേണമെങ്കിലും തോന്നാവുന്ന ത്രെഡാണ്. എന്നാല്‍, അത് രൂപപ്പെട്ട് വരുന്ന കഥയും അതിലെ സാഹചര്യങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും. പെട്ടെന്ന് പണമുണ്ടാക്കാന്‍ അടുത്ത കാലത്ത് കുറെ ആളുകള്‍ ഉപയോഗിക്കുന്ന ഒരു പരിപാടിയാണ് ഇത്തരം ഭീഷണികള്‍. അത് ഇവിടെ വില പോവില്ല.

ഷട്ടറിന് മുകളില്‍ നില്‍ക്കുമോ 'അങ്കിള്‍'...
സ്വന്തം മക്കളില്‍ വിശ്വാസമുള്ള ഒരു അച്ഛനാണ് ഞാന്‍. എന്റെ കുഞ്ഞിനെ പോലയാണ് ഞാന്‍ എഴുതുന്ന സിനിമയും. അതില്‍ എനിക്കുള്ള വിശ്വാസമാണ് '  ഷട്ടറിന് മുകളില്‍ നില്‍ക്കും അല്ലെങ്കില്‍ പണി നിര്‍ത്തും' എന്ന എന്റെ വാക്കുകളില്‍ തെളിയുന്നത്. ഞാന്‍ ഉറപ്പ് തരുന്നു. ഷട്ടറിന് ഒരുപടി മുകളില്‍ നില്‍ക്കും അങ്കിള്‍ എന്ന സിനിമ. അല്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തി വേറെ പണിക്ക് പോകും.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ