50 കോടി ക്ലബ്ബില്‍ ദി ഗ്രേറ്റ് ഫാദര്‍: നേട്ടം കൈവരിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം

By Web DeskFirst Published Apr 24, 2017, 3:44 AM IST
Highlights

കൊച്ചി: ദി ഗ്രേറ്റ് ഫാദർ  തീയ്യറ്റുകളിലെത്തി 24 ദിവസം കൊണ്ട് ചിത്രം 50 കോടിരൂപ കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ. ചിത്രം പുറത്തിറങ്ങി 24 ആം ദിവസം അമ്പത് കോടിയിലധികം കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് ഫിലിമാണ് കണക്ക് പുറത്തുവിട്ടത്. മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം ഷെയർ ചെയ്തിട്ടുമുണ്ട്.

മമ്മൂട്ടിയെ നായകനാക്കി നവാഗതൻ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദർ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകത കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഒരു മലയാള ചിത്രം നിലവിൽ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ ഇപ്പോൾ ഗ്രേറ്റ് ഫാദറിന്റെ പേരിലാണ്. 4.31 കോടി രൂപയായിരുന്നു കളക്ഷൻ. പുലിമുരുകന്റെ 4.05 കോടിയെ മറികടന്നായിരുന്നു ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡിട്ടത്. 

ഒപ്പം അതിവേഗത്തില്‍ 20 കോടി നേടുന്ന ചിത്രമായും ഗ്രേറ്റ്ഫാദര്‍ മാറിയിരുന്നു. റിലീസിന്റെ അഞ്ചാം ദിവസമാണ് ചിത്രം 20 കോടി നേടിയതായി മമ്മൂട്ടി അറിയിച്ചത്. ഈ റെക്കോർഡുകളിലെല്ലാം പുലിമുരുകനെ മറികടന്ന ഗ്രേറ്റ് ഫാദർ പക്ഷേ 50 കോടിനേട്ടത്തിൽ പിന്നാലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ പുലിമുരുകന്‍ 60 കോടിക്ക് മുകളില്‍ നേടിയിരുന്നു. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍.

click me!