ദുരിത ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളുമായി മാന്‍ഹോള്‍ വരുന്നു

Published : Sep 10, 2016, 08:34 PM ISTUpdated : Oct 04, 2018, 11:47 PM IST
ദുരിത ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളുമായി മാന്‍ഹോള്‍ വരുന്നു

Synopsis

ഒരുകാലത്ത് കേരളത്തിലെ പതിവു കാഴ്ചയായിരുന്നു കുഴിക്കക്കൂസുകള്‍.  ഇത് വൃത്തിയാക്കാന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ചതാണ് ചക്ലിയരെ. മലയാളികള്‍ അവരെ തോട്ടികള്‍ എന്നു പേരിട്ടു വിളിച്ചു. നേരം പുലരും മുമ്പ് അവര്‍ വീടുകളിലെത്തി. മലം നിറഞ്ഞ ബക്കറ്റുകള്‍ ചുമലിലേന്തി വെളിമ്പ്രദേശങ്ങള്‍ തേടി നടന്നു. വീട്ടുകാര്‍ ഉണരും മുമ്പേ വൃത്തിയാക്കിയ ബക്കറ്റുകള്‍ തിരികെ വച്ചു. കുളിച്ചു വൃത്തിയായി നടന്നിട്ടും പകല്‍വെളിച്ചത്തില്‍ നമ്മള്‍ അവരെ ആട്ടിയകറ്റി. ദൂരെ നിന്നേ മൂക്കുപൊത്തി. നേരെ കാണുമ്പോള്‍ മുഖം ചുളിച്ചു. പുഴുക്കളെപ്പോലുള്ള ജീവിതങ്ങള്‍. കുഴിക്കക്കൂസുകളുടെ കാലം കഴിഞ്ഞു. നാടും നഗരവും വളര്‍ന്നു. അപ്പോള്‍ വികസനത്തിന്റെ പടിക്കു പുറത്തായി ആ മനുഷ്യര്‍. മാലിന്യം നുരയ്ക്കുന്ന ഡ്രെയിനേജുകളും മാന്‍ഹോളുകളും വൃത്തിയാക്കിയും നഗരം തൂത്തുവാരിയുമൊക്കെ അവര്‍ അന്നം തേടി. ആ മനുഷ്യരുടെ ജീവിതക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ വഴി നടത്താനൊരുങ്ങുകയാണ് മാധ്യമപ്രവര്‍ത്തക വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന മാന്‍ഹോള്‍ എന്ന ചിത്രം.

മാന്‍ഹോളിലെ മരണങ്ങള്‍ ചക്ലിയ സമുദായത്തില്‍ പതിവാണ്. മിക്ക കുടുംബങ്ങളിലുമുണ്ട് അഴുക്കുചാലില്‍ പൊലിഞ്ഞ നിരവധി ജന്മങ്ങള്‍. എന്നാല്‍ മലയാളി പൊതുബോധത്തിന് ഇത്തരം അപകടങ്ങള്‍ അസാധാരണ സംഭവങ്ങളാണ്. പുറത്തുനിന്നും രക്ഷകരായെത്തുന്ന ഒരു മലയാളി മാന്‍ഹോളില്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് നമ്മുടെ മുഖ്യധാരാ പൊതുബോധത്തിലും മാധ്യമങ്ങളിലും മാന്‍ഹോളും മലിനജലവും അഴുക്കുചാലുകളുമൊക്കെ ഇടംപിടിക്കുന്നത്.

ശാലിനി എന്ന ചക്ലിയപ്പെണ്‍കുട്ടിയുടെയുടെയും കുടുംബത്തിന്‍റെയും ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഐഡന്‍റിറ്റി മറച്ചു വച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍. അച്ഛന്‍ അയ്യനും അമ്മ പാപ്പാത്തിയും. പ്രണയിച്ചിരുന്ന മാരിമുത്തുവിന്‍റെ ജീവനോടൊപ്പം നഗരത്തിലെ ഒരു മാന്‍ഹോളില്‍  വീണുടഞ്ഞതാതാണ് ശാലിനിയുടെ സ്വപ്നങ്ങള്‍.

'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്‍ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വിധു വിന്‍സന്‍റ്. ഇന്നും തോട്ടിപ്പണിയെടുത്തു ജീവിക്കുന്ന ആയിരങ്ങളുടെ ജീവിതം പറഞ്ഞ ഈ ഡോക്യുമെന്‍ററിയുടെ സ്വതന്ത്രാവിഷ്കാരമാണ് മാന്‍ഹോള്‍.

കറുത്ത മുത്ത് ഫെയിം റെന്‍സി ശാലിനിയുടെ വേഷത്തിലെത്തുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരീദാസന്‍ നായര്‍, രവി, ശൈലജ, മുന്‍ഷി ബൈജു തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം എം പി വിന്‍സെന്‍റ്.  ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്‍റെ തിരക്കഥ. ക്യാമറ സജി നായര്‍. എഡിറ്റിംഗ് അപ്പു ഭട്ടതിരി. കലാസംവിധാനം അജിത് പ്ലാക്കാടന്‍. ചിത്രം ഡിസംബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്