മണിച്ചിത്രത്താഴ് കോപ്പിയടിയോ?: ഫാസിലിന്റെ പ്രതികരണം

By Web DeskFirst Published May 30, 2017, 7:41 PM IST
Highlights

മണിച്ചിത്രത്താഴ് കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ഫാസില്‍. തന്റെ നോവലായ വിജനവീഥി കോപ്പിയടിച്ച് മണിച്ചിത്രത്താഴ് നിര്‍മ്മിച്ചുവെന്ന് അശ്വതി തിരുനാളാണ് ആരോപിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച് സംവിധായകന്‍ ഫാസില്‍ രംഗത്ത്. 

മണിച്ചിത്രത്താഴ് ഇറങ്ങുന്നതിന് നാളുകള്‍ക്ക് മുമ്പാണ് ഹിച്ച്‌കോക്കിന്റെ സൈക്കോ എന്ന സിനിമ ഇറങ്ങുന്നത്. ദ്വന്ദ വ്യക്തിത്വമായിരുന്നു പ്രമേയം. ഞാന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ മലയാളത്തില്‍ ചുവന്ന സന്ധ്യകള്‍, രാജാങ്കണം തുടങ്ങിയ സിനിമകളില്‍ ദ്വന്ദ വ്യക്തിത്വം പ്രമേയമായിട്ടുണ്ട്-ഫാസില്‍ പറഞ്ഞു. 

മണിച്ചിത്രത്താഴ് പുറത്തിറങ്ങി 12 വര്‍ഷത്തിന് ശേഷം അന്യന്‍ പുറത്തിറങ്ങി. അതില്‍ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റിയായിരുന്നു ചിത്രീകരിച്ചത്. എന്നാല്‍ മണിച്ചിത്രത്താഴ് വേഷം മാറിയതാണ് അന്യന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ എന്ന് ഫാസില്‍ ചോദിച്ചു. ബാധ ഒഴിപ്പിക്കലും, പാരാ സൈക്കേളജിയും മന്ത്രവാദവുമെല്ലാം കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് വേണ്ടതെടുത്ത് ആര്‍ക്കും ഭാവനയെ വിടര്‍ത്താം. മധു മുട്ടത്തിന്റെ പ്രതിഭയും വൈഭവും മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍ മണിച്ചിത്രത്താഴ് ഉണ്ടായി. താനോ മധു മുട്ടമോ വിജനവീഥി വായിച്ചിട്ടില്ലെന്നും ഫാസില്‍ പറഞ്ഞു. 

തന്റെ നോവലിലെ പ്രൊഫ. വിജയാനന്ദ് എന്ന മനശാസ്ത്രജ്ഞനാണ് മണിച്ചിത്രത്താഴില്‍ ഡോ. സണ്ണി ആയത്. സിനിമയില്‍ ഗംഗ എന്ന കഥാപാത്രത്തെ ആവേശിക്കുന്നത് നാഗവല്ലിയാണെങ്കില്‍ തന്റെ നോവലില്‍ അത് എട്ടുവീട്ടില്‍ പിള്ളമാരിലെ സുഭദ്ര എന്ന സ്ത്രീ കഥാപാത്രത്തിന്റെ പ്രേതാത്മാവ് ആണ്. നോവലില്‍ സത്യവ്രതന്‍ എന്നൊരു കഥാപാത്രമുണ്ടായിരുന്നു. അതാണ് തിലകന്റെ കഥാപാത്രമായത്. സുരേഷ് ഗോപിയുടെ കഥാപാത്രം ഒഴികെ സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളും തന്റെ നോവലില്‍ നിന്നുള്ളതാണെന്നും നോവലിസ്റ്റ് ആരോപിച്ചു.

click me!