
കൊച്ചി: മഹാപ്രളയത്തില്‍ നിന്നുള്ള കേരളത്തിന്‍റെ അതിജീവനത്തിന് ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും സഹായമെത്തുന്നുണ്ട്. കഴിയുന്നത്ര സഹായം അതാണ് കേരളത്തിന്‍റെ അതിജീവന മുദ്രാവാക്യം എന്ന് പറയാം. സഹായധനം കൊണ്ട് കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഒമ്പത് വയസ്സുകാരിയുണ്ട്.
തലച്ചോറില്‍ ട്യൂമറെന്ന മഹാരോഗം പേറുമ്പോഴും താന്‍ കരുതിവെച്ച പണമെല്ലാം കേരളത്തിന്‍റെ അതിജീവനത്തിന് കൈമാറിയാണ് ഷാദിയ കാരുണ്യത്തിന്‍റെ പ്രതീകമായി മാറിയത്. ആ നന്മയ്ക്ക് സ്നേഹ ചുംബനം നല്‍കി മഞ്ജുവാര്യര്‍ കുറിച്ച വാക്കുകള്‍ അത്രമേല്‍ ഹൃദയത്തെ സ്പര്‍ഷിക്കുന്നതാണ്.
മഞ്ജുവിന്‍റെ വാക്കുകള്‍
ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ
നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന്
ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി.
ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും
നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍
രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള
മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.
കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ
കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ
കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക
എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത്
ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു.
എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം.
രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള
സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി
ചിത്രംവരയ്ക്കും,നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ
അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി
ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാൻ വല്യുമ്മയോട് സംസാരിക്കുമ്പോൾ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. അപ്പോൾ അവളുടെ കണ്ണിൽ നിഷ്ക്കളങ്കതയുടെ നിലാവുള്ളതുപോലെ....സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ ചിരിക്കുന്നതു കാണാം. ഞാന്‍
ഒരു കളറിങ് സെറ്റ് കൊടുത്തപ്പോൾ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേർത്തു. അവള്‍ വരച്ചുവളരട്ടെ,ആ
ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ...ഷാദിയയ്ക്ക് പെട്ടെന്ന് പഴയ
ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു
യാത്രയാക്കുമ്പോള്‍....
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ