
ദില്ലി: ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മീടൂ ആരോപണം വീണ്ടും ശക്തമാകുന്നു. നാനാപടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണത്തിന് പിന്നാലെ ബോളിവുഡില്‍ വീണ്ടും മീടൂ. പ്രമുഖ നടന്‍ നവാസുദീന്‍ സിദ്ദിഖിക്കിയാണ് ഇക്കുറി പ്രതിക്കൂട്ടില്‍. സിദ്ദിഖിക്കെതിരെ 'മീ ടൂ' ആരോപണവുമായി മുന്‍ മിസ് ഇന്ത്യയും നടിയുമായ നിഹാരിക സിംഗാണ് രംഗത്തെത്തിയത്. സിദ്ദിഖിക്ക് പുറമെ സാജിദ് ഖാൻ, നിര്‍മ്മാതാവ് ഭൂഷൻ കുമാർ തുടങ്ങിയവരും ലൈംഗിക ചൂഷണം നടത്തിയെന്ന് നടി വ്യക്തമാക്കി. മാധ്യമപ്രവർത്തക സന്ധ്യ മേനോനാണ് നിഹാരിക സിംഗിന്‍റെ വെളിപ്പെടുത്തലുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നവാസുദ്ദിൻ സിദ്ദിഖിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ അതിനെ മോശം രീതിയില്‍ അദ്ദേഹം ഉപയോഗിക്കുമെന്ന് അന്ന് ചിന്തിച്ചിരുന്നല്ലെന്നും നിഹാരിക പറയുന്നു. അടുത്ത സൗഹൃദത്തെ ചൂഷണം ചെയ്ത സിദ്ദിഖി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നെന്ന് അവര്‍ തുറന്നടിച്ചു. വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വ്യക്തമായതോടെ ആ ബന്ധം ഉപേക്ഷിച്ചെന്നും താരം വ്യക്തമാക്കി.
'2009 ൽ സിദ്ദിഖി നായകനായ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ വെള്ളിത്തിരയിലെത്തുന്നത്. 15 ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. ഷൂട്ടിംഗിനിടെയാണ് സിദ്ദിഖിയുമായി സൗഹൃദത്തിലായത്. നൊവാസ് എന്ന് വിളിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് സിദ്ദിഖിയെക്കുറിച്ച് അധികം കേട്ടിട്ടുണ്ടായിരുന്നില്ല. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ സിഡി അദ്ദേഹം തന്നു. അത് കണ്ട ശേഷം സിദ്ദിഖിയെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആരാധനയൊന്നും ഉണ്ടായിരുന്നില്ല. അതിനിടയില്‍ ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. മോശമായ പെരുമാറ്റം ഒന്നും ഉണ്ടായില്ല. വീട്ടുകാര്യങ്ങളും സിനിമാ വിശേഷങ്ങളുമായിരുന്നു പങ്കുവച്ചത്. സ്വാഭാവികമായി സൗഹൃദം വളര്‍ന്നു. പിന്നീട് ഒരു ദിവസം എന്‍റെ വീടിനടുത്ത് അദ്ദേഹം ഉണ്ടെന്ന് കാട്ടി ഒരു സന്ദേശം അയച്ചു. സ്വാഭാവികമായും ഞാന്‍ അദ്ദേഹത്തെ പ്രഭാത ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചു. വാതിൽ തുറന്ന് അകത്ത് കയറിയതിന് പിന്നാലെ സിദ്ദിഖി മോശം പെരുമാറ്റം ആരംഭിച്ചു. ശരീരത്തില്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിദ്ദിഖി ബലമായി കീഴ്പ്പെടുത്തി' നിഹാരിക വ്യക്തമാക്കി.
മിസ് ഇന്ത്യയും നടിയുമായ ഒരാളെ ഭാര്യയാക്കണമെന്ന് പറഞ്ഞപ്പോള്‍ അതില്‍ സത്യമുണ്ടെന്ന് വിശ്വസിച്ചു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കും പരിചയിപ്പെടുത്തിക്കൊടുത്തപ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഉള്ള സ്നേഹം മാത്രമേ സിദ്ദിഖിക്ക് ഉള്ളു എന്ന തിരിച്ചറിയാന്‍ വൈകി. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. ഓരോ കഥകള്‍ ഉണ്ടാക്കി സ്ത്രീകളെ വശീകരിക്കുന്നയാളാണ് സിദ്ദിഖിയെന്ന് തിരിച്ചറിഞ്ഞു. ലൈംഗികത മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.
വിവാഹം കഴിച്ചതാണെന്നും ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും അറിഞ്ഞു. രണ്ടാം വിവാഹവും സമാന അവസ്ഥയിലാണെന്നും അറിഞ്ഞതോടെ ഞാന്‍ ചോദ്യം ചെയ്തു. ഇതോടെ കൊച്ചുകുട്ടികളെപോലെ കരയുകയായിരുന്നു സിദ്ദിഖിയെന്നും നിഹാരിക വിവരിച്ചു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയിൽ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പകരം കിടക്ക പങ്കിടണമെന്നും സിദ്ദിഖി പിന്നീട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് അദ്ദേഹം അപവാദപ്രചരണം ആരംഭിച്ചതെന്നും നിഹാരിക കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിലൂടെ സിദ്ദിഖി നടത്തിയ തുറന്നുപറച്ചിലുകളെല്ലാം കള്ളമാണെന്നും അവര്‍ പറയുന്നു. ശാരീരിക സുഖമായിരുന്നു നിഹാരികയുടെ ലക്ഷ്യമെന്ന തരത്തിലാണ് സിദ്ദിഖി പുസ്തകത്തിലൂടെ തുറന്നു പറച്ചില്‍ നടത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ