കട്ടപ്പയോട് കര്‍ണ്ണാടകകാര്‍ക്ക് കട്ടകലിപ്പ്

By Web DeskFirst Published Mar 24, 2017, 10:08 AM IST
Highlights

ബംഗലൂരു: ബാഹുബലി രണ്ടിനെതിരെ കർണാടകത്തിൽ പ്രതിഷേധം. കാരണം കേട്ടാൽ വിചിത്രമാണ്. കട്ടപ്പയാണ് പ്രശ്നം. കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നെന്ന ചോദ്യത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുമ്പോഴാണ് കർണാടകത്തിൽ പുതിയ വിവാദം തലപൊക്കുന്നത്. കട്ടപ്പയായി വേഷമിട്ട സത്യരാജാണ് പ്രശ്നം.

കാവേരി നദീ ജല തർക്കത്തിൽ , തമിഴ്നാടിനൊപ്പം ചേർന്ന് സത്യരാജ് കർണാകക്കെതിരെ സംസാരിച്ചു എന്നാണ് കുറ്റം. വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രതിഷേധം എന്നത്  വിചിത്രം. സത്യരാജ് മാപ്പ് പറഞ്ഞില്ലെങ്കിൽ ബാഹുബലി 2 കർണാടകത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ചില കന്നട സംഘടനകളുടെ ഭീഷണി. 

ബെല്ലാരിയിലെ ഒരു തീയറ്ററിൽ നിന്ന് ബാഹുബലി 2 ട്രെയിലർ ഇതിനകം പിൻവലിക്കുകയും ചെയ്തു. ബാഹുബലി ഒന്നാം ഭാഗത്തിന്റെ റിലീസ് സമയത്ത് ഉയരാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന സംശയം സ്വാഭാവികം. സിനിമ പുറത്തിറങ്ങി കട്ടപ്പ ഹിറ്റായതോടെ ആണ് ചിത്രം മാറിയത്. സത്യരാജിന്റെ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യത കന്നടക്കാർക്ക് അത്ര ദഹിക്കാത്ത മട്ടാണ്. ഇത് തന്നെയാണ് പ്രതിഷേധം പുകയാനുള്ള കാരണവും. 

ബാഹുബലി 2 റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചില  സംഘടനകൾ കർണാടക ഫിലിം ചേംബറിനെ സമീപിച്ചതായും വാർത്തകളുണ്ട്. നേരത്തെ കുചേലൻ എന്ന സിനിമയെ ചൊല്ലിയും കർണാകടത്തിൽ ഇതേ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. 

അന്ന് രജനീകാന്ത് ഖേദം പ്രകടിപ്പിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയപ്പോഴാണ് റിലീസിന് വഴിയൊരുങ്ങിയത്. ബാഹുബലി 2 ന്‍റെ കർണാടകത്തിലെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം. ഏപ്രിൽ 28ന് 6500 കേന്ദ്രങ്ങളിൽ ആണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

click me!