
നടൻ എസ്പി ശ്രീകുമാറിനെതിരായി അടുത്തിടെ ഒരു നടി കൊടുത്ത പരാതിയെക്കുറിച്ച് ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ പല തവണ പ്രതികരിച്ചിരുന്നു. ശ്രീകുമാറിന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നായിരുന്നു സ്നേഹ പറഞ്ഞത്. ഇക്കാര്യത്തിൽ വീണ്ടുമൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ശ്രീകുമാര്‍ നിരപരാധിയാണെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പാണെന്നും എത്ര വര്‍ഷമെടുത്താലും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്നേഹ പറയുന്നു. തന്‍റെ സുഹൃത്തിനെതിരെ വ്യാജ ആരോപണം വന്നാലും താന്‍ പ്രതികരിക്കുമെന്നും നടി വ്യക്തമാക്കി.
''ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ ഏതെങ്കിലും വിധത്തിലുള്ള നെഗറ്റീവ് കമന്റുകളോ സൈബർ അറ്റാക്കോ ഒന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിക്കുന്ന ആളൊന്നും അല്ല. എന്റെ സുഹൃത്തുക്കൾ ചിലതൊക്കെ അയച്ചു തരാറുണ്ട്. മറുപടി പറയണം എന്ന് എനിക്ക് തോന്നിയിടത്ത് ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയാത്ത ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്നിട്ട് കമന്റിടുന്നത് എന്നെ ബാധിക്കില്ല. അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ചുറ്റിലുമുള്ള ചില ആളുകളാണ്. ഓരോ ദിവസവും ശ്രീ എവിടെയൊക്കെ പോവുന്നു, എന്തൊക്കെ ചെയ്യുന്നു എന്നുള്ളത് എന്നോട് പറയാറുണ്ട്'', എന്ന് സ്നേഹ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം
''എനിക്കറിയാം ഇതിന്റെ സത്യം എന്താണെന്ന്. നമ്മൾ ഇതിനെ നിയമപരമായി നേരിടുകയാണ് ചെയ്യുക. അവരോട് തർക്കത്തിന് നിൽക്കുകയല്ല. നമ്മൾ ജയിച്ചു കാണിക്കുകയാണ് വേണ്ടത്. ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ ഞാൻ ഒരുക്കമല്ല. എന്റെ ഭർത്താവിനെതിരെ കേസ് വന്നല്ലോ, എന്റെ പടവും മോന്റെ പടവും ഒക്കെ യൂട്യൂബിൽ വന്നല്ലോ, അതിന്റെ പേരിൽ കരയാനോ സെന്റിമെൻസ് പിടിച്ചു പറ്റാനോ ഞാൻ തയ്യാറല്ല. അതൊന്നും എന്റെ രീതിയല്ല. ചില ആളുകൾ പറയും ഭർത്താവായത് കൊണ്ട് ന്യായീകരിക്കുകയാണ് എന്ന്, അല്ലാതെ വേറെ വഴിയില്ലെന്നും. ഈയൊരു കേസിൽ ശ്രീ നിരപരാധി ആണെന്ന് എനിക്ക് ഉറപ്പുണ്ട്. ഭർത്താവ് ആയത് കൊണ്ടല്ല, എന്റെ സുഹൃത്തിന് എതിരെ ആണെങ്കിൽ പോലും ഇത്തരം വ്യാജ ആരോപണം വന്നാൽ ഞാൻ പ്രതികരിക്കും. ഇനി എത്ര വർഷം എടുത്താലും നിയമപരമായി മുന്നോട്ട് പോവും'', എന്നും സ്നേഹ ശ്രീകുമാർ വ്യക്തമാക്കി.