
കാത്തിരിപ്പിനു ശേഷം ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ആരംഭിച്ചിരിക്കുകയാണ്. മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയാണ് ഇത്തവണത്തെ മലയാളം ബിഗ്ബോസിൽ മാറ്റുരയ്ക്കുന്നവരിൽ ഒരാൾ. ബിഗ്ബോസിൽ പോകുന്നതിന് മുന്നോടിയായി താരം പങ്കുവെച്ച വ്ളോഗും ശ്രദ്ധ നേടുകയാണ്.
''എന്റെ അമ്മയും ചേച്ചിയുമൊക്കെ സ്ഥിരമായി ബിഗ്ബോസ് കാണുന്നവരാണ്. കഴിഞ്ഞ ആറ് സീസൺ കണ്ടതിൽ വെച്ച്, എന്താണ് അവിടെ നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു. പോകുന്ന കാര്യം പറഞ്ഞപ്പോൾ പലരും വേണ്ട എന്നാണ് പറഞ്ഞത്. അവിടെ പോയാൽ എപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കും, നിനക്ക് പറ്റിയ ഷോ അല്ല എന്നൊക്കെ പറഞ്ഞു. പക്ഷേ കരച്ചിൽ വന്നാൽ എങ്ങനെയാണ് കരയാതിരിക്കുന്നത്. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കരച്ചിൽ വരും. കുഞ്ഞായിരുന്നപ്പോൾ മുതൽ അങ്ങനെ തന്നെയാണ്. കരച്ചിൽ വന്നാൽ കരയണ്ടേ? സന്തോഷം വന്നാൽ സന്തോഷിക്കേണ്ടേ? ദേഷ്യം വന്നാൽ ദേഷ്യപ്പെടേണ്ടേ? എങ്കിലും കരയാതിരിക്കാൻ പരമാവധി ശ്രമിക്കും. പോകുന്നതിനു മുൻപ് ഒരു ഡോക്ടറെ കണ്ട് കൗൺസിലിങ്ങ് ഒക്കെ എടുത്തിട്ടു വേണം പോകാൻ.
ബിഗ് ബോസിൽ പ്രത്യേകിച്ച് സ്ട്രാറ്റജിയും കാര്യങ്ങളും ഒന്നും എനിക്കില്ല. ഞാൻ ഞാനായി തന്നെ ഇരിക്കാനാണ് ശ്രമിക്കുന്നത്. പിന്നെ സ്നേഹിക്കുക, എല്ലാവരെയും പരിഗണിക്കുക. എല്ലാവരും എത്തുന്നത് നൂറു ദിവസം അവിടെ നിൽക്കാൻ തന്നെയാണ്. എല്ലാവരെയും പിന്തുണയ്ക്കണം. ദയവു ചെയ്ത് നിങ്ങൾ ആരെയും കുറ്റം പറയരുത്. ഫോണില്ലാതെ, കുടുംബമില്ലാതെ എത്ര നാൾ അങ്ങനൊരു സ്ഥലത്തു നിൽക്കും? ആർക്കും നെഗറ്റീവ് ഉണ്ടാക്കിക്കൊടുക്കരുത്. എല്ലാവരും മനുഷ്യരല്ലേ. പിന്നെ പറയേണ്ടത് പറയേണ്ട സമയത്തു തന്നെ മുഖത്തു നോക്കി പറയണം. ഇപ്പോഴത്തെ പെൺകുട്ടികൾ പറയേണ്ടത് പറയാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്നതൊക്കെ ധാരാളം കാണുന്നുണ്ട്. തുറന്നു പറയാൻ ആരും ഇല്ലാത്തതു കൊണ്ടായിരിക്കാം. ഞാനും ആത്മഹത്യയെ കുറിച്ച് ഒരിക്കൽ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയൊന്നും ചെയ്യരുത്'', അനുമോൾ വീഡിയോയിൽ പറഞ്ഞു
ഇതുവരെ ഒറ്റത്തവണ മാത്രമേ ഞാൻ ലാലേട്ടനെ കണ്ടിട്ടുള്ളൂ എന്നും ബിഗ്ബോസിൽ പോകുമ്പോൾ ലാലേട്ടനെ തൊടണം, കെട്ടിപ്പിടിക്കണം എന്നതൊക്കെ വലിയ ആഗ്രഹമാണെന്നും അനുമോൾ കൂട്ടിച്ചേർത്തു.