
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ ആര്യ പിന്നീട് ബിഗ് ബോസ്സിലും പങ്കെടുത്തിരുന്നു. കാഞ്ചീവരം എന്ന തന്റെ സാരി ബ്രാന്റുമായി വസ്ത്ര വിപണന രംഗത്ത് ഒരു സംരംഭക എന്ന നിലയിലും ആര്യ വലിയ രീതിയിൽ മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ആര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയാവുന്നത്. ഇന്ന് ആ യുവനടിയുടെ സാരി ബ്രാന്റ് ലോഞ്ച് ചെയ്തത് കണ്ടപ്പോൾ തനിക്ക് സന്തോഷമായി എന്നാണ് പരിഹാസരൂപേണ ആര്യ പറയുന്നത്. തന്റെ സംരംഭക യാത്രയ്ക്കിടയിൽ തന്നെ ഏറെ നിരാശപ്പെടുത്തിയ സംഭവമുണ്ടായെന്നും അതിന് കാരണക്കാരായ ആളാണ് ഇന്ന് പുതിയ സാരി ബ്രാന്റ് തുടങ്ങിയതെന്നും ആര്യ സ്റ്റോറിൽ കുറിച്ചു.
അതേസമയം നടിയുടെ പേരെടുത്ത പറയാതെയാണ് ആര്യയുടെ കുറിപ്പ്. എന്നാൽ കഴിഞ്ഞ ദിവസം നമിത പ്രമോദ് തന്റെ പുതിയ സാരി ബ്രാന്റ് ആയ 'നമ്മ ദേശി' ലോഞ്ച് ചെയ്തിരുന്നു. ഒർജിനൽ കാഞ്ചീപുരം സാരികൾ എന്ന ലേബലിലാണ് നമിത പ്രമോദ് തന്റെ ബ്രാന്റിന്റെ സാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നമിത പ്രമോദിനെയാണ് ആര്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഉദ്ദേശിച്ചതെന്ന് ഇതിലൂടെ വ്യക്തമായെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
"ഓരോ ദിവസവും പുതിയ സാരി ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നത് സാധാരണമാണ്... പക്ഷേ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാൻഡ് ലോഞ്ച് കണ്ടപ്പോൾ എനിക്ക് ഇത്രയധികം സന്തോഷം തോന്നുന്നത്! എന്റെ ഏഴ് വർഷത്തെ ‘കാഞ്ചീവരം’ യാത്രയ്ക്കിടയിൽ, ഒരു സംരംഭക എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിസ്സഹായയാക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത ഒരു പ്രത്യേക സംഭവമുണ്ടായി. ആ സംഭവം എന്നെ വല്ലാതെ അലട്ടിയതിനാൽ ദീർഘകാലം ഞാൻ മാനസികമായി തകർന്നിരുന്നു." ആര്യ പറയുന്നു.
"ഇന്ന് ഈ ബ്രാൻഡ് ലോഞ്ച് ചെയ്ത അതേ ആളുകളായിരുന്നു അന്ന് ആ സംഭവത്തിന് പിന്നിൽ.ഇപ്പോൾ എനിക്ക് ഇതിൽ കൂടുതൽ സന്തോഷിക്കാൻ കഴിയില്ല. ഞാൻ അനുഭവിച്ച ആ വേദന ഇപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ മനസ്സിലാക്കാൻ കഴിഞ്ഞേക്കും... അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. സാധാരണയായി ഇത്തരം കാര്യങ്ങൾ ഞാൻ പരസ്യമായി പറയാറില്ല, പക്ഷേ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനർത്ഥം ആ സംഭവം എന്നെ അത്രത്തോളം വേദനിപ്പിച്ചു എന്നാണ്, ഇന്നും ആ വേദന ഉള്ളിലുണ്ട്." ആര്യ കുറിച്ചു.