
ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ മലയാളികൾക്ക് സുപരിചിതമായ ആളാണ് ജിസേൽ തക്രാൽ. ഫാഷൻ, വിനോദ മേഖലകളിലെ പരിചിത മുഖമാണെങ്കിലും ബിഗ് ബോസിൽ എത്തുന്നതുവരെ മലയാളികൾക്ക് അത്രകണ്ട് പരിചിതയായിരുന്നില്ല ജിസേൽ. താരത്തിന്റെ വേരുകൾ കേരളത്തിലാണ്. ആലപ്പുഴക്കാരിയാണ് ജിസേലിന്റെ അമ്മ. പഞ്ചാബിയായിരുന്നു അച്ഛൻ. ജിസേൽ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് ജിസേലിനെ വളർത്തിയത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം അഭിമുഖങ്ങളും മോഡലിങ്ങിമുമായി തിരക്കിലാണ് ജിസേൽ.
ജിസേൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രഡീഷണൽ ലുക്കിലുള്ള ജിസേലിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ''ശാന്തമായൊരവസ്ഥ'' എന്നാണ് ജിസേൽ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബിഗ്ബോസിൽ ജിസേലിന്റെ സഹമൽസരാർത്ഥിയും അടുത്ത സുഹൃത്തുമായിരുന്ന ആര്യൻ കതൂരിയ അടക്കമുള്ളവർ ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''ദേവതയെപ്പോലെയുണ്ട്'', എന്നാണ് ഒരാൾ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളിൽ ജിസേലിനെ കാണാൻ ജാൻവി കപൂറിനെപ്പോലെയുണ്ടെന്ന് മറ്റൊരാൾ കുറിച്ചപ്പോൾ ശ്രീദേവിയെപ്പോലെയുണ്ടാന്നാണ് മറ്റൊരാളുടെ കമന്റ്. ശകുന്തളയെപ്പോലെയുണ്ടെന്നാണ് മറ്റൊരാൾ കുറിച്ചത്.
പതിനാലാം വയസില്‍ മോഡലിംഗ് കരിയര്‍ ആരംഭിച്ച ആളാണ് ജിസേല്‍. ഒരു മോഡലിംഗ് കോമ്പറ്റീഷനിലെ ടോപ്പ് 5 സ്ഥാനത്ത് എത്തിയ ജിസേല്‍ മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും നേടിയിരുന്നു. കൗമാരകാലത്തുതന്നെ മിസ് രാജസ്ഥാന്‍ ടൈറ്റിലും നേടി. തുര്‍ക്കിയില്‍ നടന്ന ഫോര്‍ഡ് മോഡല്‍സ് സൂപ്പര്‍മോഡല്‍ ഓഫ് ദി വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുത്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസണ്‍ 9 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട് ജിസേല്‍.