
കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹം പൂർത്തീകരിച്ച സന്തോഷം അമൃത കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
സ്വന്തം നാടായ പത്തനാപുരത്താണ് താരം വീടു പണിതിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വീടിന്റെ ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തത്. അതിലൊരാളായിരുന്നു സീരിയൽ താരവും അമൃതയുടെ അടുത്ത സുഹൃത്തുമായ ബിന്നി സെബാസ്റ്റ്യൻ. ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ ബെന്നിയും ഒപ്പമുണ്ടായിരുന്നു. ചടങ്ങിൽ വെച്ച് അമൃതയെക്കുറിച്ച് ബിന്നി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. അമൃതയെ തങ്ങൾ 'കൊളാബ് അമൃത' എന്നാണ് വിളിക്കാറുള്ളതെന്ന് ബിന്നി പറയുന്നു.
"ഗീതാഗോവിന്ദത്തിലൂടെ പരിചയപ്പെട്ടതാണ് അമൃതയെ. അന്ന് മുതൽ ഞങ്ങൾ വിളിക്കുന്നത് 'കൊളാബ് അമൃത' എന്നാണ്. കാരണം അവൾ ഒരുപാട് കൊളാബ്സ് ചെയ്യാറുണ്ട്. പ്രമോഷൻസ് ചെയ്യാറുണ്ട്. അതും വളരെ ഡെഡിക്കേറ്റഡായി ചെയ്ത് കൊടുക്കാറുണ്ട്. അങ്ങനെ കൊളാബ് ചെയ്തും സീരിയലിൽ വർക്ക് ചെയ്തും അവതാരകയായും ജോലി ചെയ്തുമെല്ലാം പൈസ കൂട്ടിക്കൂട്ടി വെച്ചാണ് അവൾ അവളുടെ സ്വപ്ന ഭവനം പണിതത്.
ഒരുപാട് വഴികളിലൂടെ കടന്ന് വന്നയാളാണ് അമൃത. അവളെ കുറിച്ചു പറയുമ്പോൾ എനിക്ക് അഭിമാനമാണ്. എനിക്ക് ഒരു പ്രചോദനം കൂടിയാണ് അമൃത. ഒറ്റയ്ക്ക് നിന്നാണ് അവൾ ഇതെല്ലാം ചെയ്തത്. അമൃതയ്ക്ക് ഇതൊരു നല്ല തുടക്കമാകട്ടെ. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും നേടാൻ കഴിയട്ടെ", ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബിന്നി പറഞ്ഞു.