
മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്‍ണ കുമാറിന്റേത്. കൃഷ്‍ണ കുമാറിന്റെ നാലു മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും ആരാധകരേറെയാണ്. വീട്ടിലെ ആറ് അംഗങ്ങളുടെയും യൂട്യൂബ് ചാനലുകൾക്കും പ്രത്യേകം ഫാൻബേസ് തന്നെയുണ്ട്. ഏറ്റവുമൊടുവിൽ അഹാനയും ഇഷാനിയും ഹൻസികയും പങ്കുവെച്ച ഹോം ടൂർ വീഡിയോയിൽ നിന്നു തന്നെ അത് വ്യക്തമാണ്. ഒരേ വീടിന്റെ ഹോം ടൂർ തന്നെയാണെങ്കിലും മൂന്നു പേരുടെയും അവതരണ രീതിയും കഥ പറച്ചിലും എഡിറ്റിങ്ങുമൊക്കെ വ്യത്യസ്‍തമായതു കൊണ്ട് അപ്‍ലോഡ് ചെയ്‍ത് നിമിഷങ്ങൾക്കകം മൂന്നു പേരുടെയും ഹോം ടൂർ വ്ളോഗും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇതിനിടെ വീട്ടിലെ ഇളയ അംഗം ഹൻസിക ചെയ്ത ഹോം ടൂറിനെ അഹാനയുടെ വീഡിയോയുമായി താരതമ്യം ചെയ്തും ചിലർ കമന്റുകളിട്ടിരുന്നു. എന്തിനാണ് ഒരേ വീഡിയോ തന്നെ ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അഹാനയുടെ വീഡിയോ ആണ് കൂടുതൽ മികച്ചത് എന്ന രീതിയിലുള്ള കമന്റുകളുമുണ്ട്.
നിങ്ങൾക്ക് താരതമ്യം ചെയ്യാതിരിക്കാമോ എന്നാണ് വ്ളോഗിന് താഴെ ഹൻസിക കമന്റ് ചെയ്തത്. എന്തിനാണ് ഒരേ ദിവസം ഒരേ വീഡിയോ പങ്കുവച്ചത് എന്ന കമന്റിനും ഹൻസിക മറുപടി നൽകി. ''ഞങ്ങൾ വെവ്വേറെ യുട്യൂബ് ചാനലുകളുള്ള, ഒരേ വീട്ടിൽ താമസിക്കുന്ന ആറ് കുടുംബാംഗങ്ങൾ ആണ്. നിങ്ങളെ കാണാൻ നിർബന്ധിക്കുന്നില്ല. കാണണം എന്നുണ്ടെങ്കിൽ കാണൂ, ഇല്ലെങ്കിൽ അവഗണിക്കൂ'', എന്നായിരുന്നു വിമർശനങ്ങളോട് ഹൻസികയുടെ മറുപടി.
ഹോം ടൂർ വീഡിയോ കൂടുതൽ പ്രൊഫഷണലായി ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും പക്ഷേ അതിന് സാധിച്ചില്ലെന്നും ഹൻസിക പറയുന്നുണ്ട്. തന്റെ പ്രേക്ഷകർക്ക് ഈ രീതിയിൽ ചെയ്യുന്നത് ഇഷ്ടമാകും എന്ന് കരുതിയതായും ഹൻസിക പറയുന്നു.