
തിരിച്ചുവരവിന് ശേഷം പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി. ഇന്നാണ് ചെന്നൈയിൽ നിന്നും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പേട്രിയറ്റ് സിനിമയുടെ ലൊക്കേഷനിലേക്ക് മമ്മൂട്ടി യാത്ര തിരിച്ചത്. ക്യാമറ വിളിക്കുന്നുവെന്നും തന്റെ അഭാവത്തിൽ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകളില്ലെന്നും മമ്മൂട്ടി കുറിച്ചു. "ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ മടങ്ങിയെത്തുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവില്ല. ക്യാമറ വിളിക്കുന്നു..." ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.