
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത് ബിഗ് ബോസ് മലയാളത്തിലൂടെയാണ്. സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോഗ്രാം നടത്തി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറിയിരിക്കുകയാണ് പേളി. ഇപ്പോഴിതാ പിതാവും മോട്ടിവേഷണൽ സ്പീക്കറുമായ മാണി പോളിന്റെ ജൻമദിനത്തിൽ പേളി പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
''ജന്മദിനാശംസകള്‍ ഡാഡി! എന്റെ ഹീറോ, എന്റെ ഗുരു, എന്റെ എപ്പോഴത്തേയും സുഹൃത്ത്, എന്റെ വഴികാട്ടി. ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അത് ഡാഡി കാരണമാണ്. എന്നെ വേദനിപ്പിച്ചവരെ സ്‌നേഹിക്കാനും എന്റെ വിജയത്തേക്കാള്‍ മറ്റുള്ളവരുടെ വിജയങ്ങളില്‍ സന്തോഷിക്കാനും ലോകത്തെ സ്‌നേഹത്തോടെ നോക്കിക്കാണാനും ഡാഡി എന്നെ പഠിപ്പിച്ചു, കാരണം അതല്ലേ ശരിയായ വഴി.
ലോകത്ത് മറ്റാരും എന്നെ വിശ്വസിക്കാത്തപ്പോഴും എന്നില്‍ത്തന്നെ വിശ്വസിക്കാന്‍ ഡാഡി എന്നോട് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ മുന്നോട്ട് പോകേണ്ടതെങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു. ഡാഡി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം ഡാഡിയുടെ അറിവുകളും ചിന്തകളുമാണ്. അവയാണ് ഇന്ന് എന്റെ ഏറ്റവും വലിയ സമ്പാദ്യം. അത് ഈ ലോകവുമായി പങ്കുവെക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡാഡിയെ, ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഡാഡിയുടെ മകളായി ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു'', എന്നാണ് മാണി പോളിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടിയും പേളിയുടെ അടുത്ത സുഹൃത്തുമായ അമല പോൾ ഉൾപ്പെടെ നിരവധിപ്പേർ മാണി പോളിന് ജൻമദിനാശംസകളറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.