
കഴിഞ്ഞ ദിവസമാണ് ആർജെയും നർത്തകനുമായ ആർജെ അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായത്. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ അമൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഇപ്പോളിതാ കൂടുതൽ വിവാഹചിത്രങ്ങളും വിവാഹത്തിന് എല്ലാവരുമൊന്നിച്ച് മൂകാംബികയിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോയുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് അമൻ. ''പ്രപഞ്ചം ഞങ്ങളുടെ വിധി മന്ത്രിക്കുന്നത് ഒരിക്കൽ അവൾ കേട്ടിടത്ത്, ഞങ്ങൾ എന്നെന്നേക്കുമായി കണ്ടുമുട്ടി. ശ്രീ മൂകാംബിക ദേവിയുടെ ദിവ്യാനുഗ്രഹത്താൽ വിവാഹിതരായി, നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി'', എന്നാണ് ചിത്രങ്ങൾക്കൊപ്പം അമൻ കുറിച്ചത്. നടി ആര്യ ബഡായ് അടക്കമുള്ളവർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
നടി വീണ നായരാണ് ആര്‍ജെ അമന്‍റെ മുന്‍ ഭാര്യ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞു. മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വിവാഹമോചനശേഷം വീണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ''എനിക്ക് ഒരു മകനുണ്ട്. ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്. എന്റെ ഉള്ളിൽ എന്റെ കുറച്ച് കാര്യങ്ങളുണ്ടാവും. അത് ലോകത്തുള്ള ഒരാൾക്കും അറിയില്ല. എനിക്ക് മാത്രമെ അറിയൂ. സുഖമാണെങ്കിലും ദുഖം ആണെങ്കിലും ഞാൻ ഹാപ്പിയാണ്. അല്ലെങ്കിലും ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആഗ്രഹം'', എന്നും വീണ പറഞ്ഞിരുന്നു.