'ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയരുത്'; സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനെതിരെ സജ്‍ന നൂര്‍

Published : Apr 24, 2026, 02:38 PM IST
sajna noor reacts to fake claims on social media that a third person is the reason for her divorce with firoz khan

Synopsis

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി നടി സജ്‍ന നൂർ

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് നടിയും ബി​ഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ സജ്ന നൂര്‍. സജ്നയും ബി​ഗ് ബോസില്‍ ഒറ്റ മത്സരാര്‍ഥിയായി എത്തിയ ഫിറോസ് ഖാനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. പരസ്പര ബഹുമാനത്തോടെ തങ്ങള്‍ പിരിയുകയാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു. എന്നാല്‍ മറ്റൊരു വ്യക്തിയാണ് തങ്ങള്‍ വേര്‍പിരിയാന്‍ കാരണമെന്ന തരത്തിലാണ് ഇപ്പോഴത്തെ വ്യാജ പ്രചരണമെന്ന് സജ്ന പറയുന്നു. ഇന്‍സ്റ്റ​ഗ്രാമില്‍ സജ്ന ഒരു സ്റ്റോറി പങ്കുവച്ചതിന് ശേഷമാണ് യുട്യൂബിലും മറ്റും പല ക്രിയേറ്റേഴ്സും ഇത്തരത്തില്‍ പ്രചരണം നടത്തിയത്. തങ്ങള്‍ പിരിയാന്‍ കാരണം മൂന്നാമതൊരാള്‍ അല്ലെന്നും ദയവായി തെറ്റായ പ്രചരണം നിര്‍ത്തണമെന്നും സജ്ന അഭ്യര്‍ഥിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സജ്ന നൂറിന്‍റെ പ്രതികരണം.

സജ്‍ന നൂറിന്‍റെ പ്രതികരണം

ഹലോ, ഇന്നത്തെ വൈറല്‍ ഞാനാണ്. ഞാന്‍ മാത്രമല്ല. ഞാന്‍ കാരണം കുറേപ്പേര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറേ വീഡിയോസ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനൊരു മറുപടി ഞാനല്ലാതെ വേറെ ആര് തരാനാണ്. ഞാനും ഫിറോസ് ഇക്കയും മീഡിയയില്‍ വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങളുടെ ജീവിതത്തെക്കുറിച്ച്. ഞങ്ങള്‍ പോലും ചിന്തിക്കാത്ത ലെവലിലാണ് ഇപ്പോള്‍ ന്യൂസ് വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരു ഫോട്ടോ ഇട്ടത് ഭയങ്കര വൈറല്‍ ആയി. എന്‍റെയും ഫിറോസ് ഇക്കയുടെ ജീവിതം തകരാന്‍ കാരണം ഇന്നയാള്‍ ആണെന്ന് പറഞ്ഞുകൊണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ത് മോശമാണ്. എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദു:ഖങ്ങള്‍ ആണല്ലോ മറ്റുള്ളവര്‍ പറയുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങള്‍ക്കിടയില്‍ വിഷയങ്ങള്‍ ഉണ്ടായതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പല പേഴ്സണല്‍ കാര്യങ്ങളും കാണും. ഞങ്ങള്‍ മ്യൂച്വല്‍ ആയി തീരുമാനമെടുത്ത് പിരിഞ്ഞ ആളുകളാണ്. ഇനി ഞാന്‍ ഒരാളെ കല്യാണം കഴിക്കാന്‍ പോയാലും അയാള്‍ കാരണമാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്. നിങ്ങള്‍ ഉള്ളത് പറ. എന്നെയും ആ വ്യക്തിയെയും ചേര്‍ത്ത് പറയുന്നത് എനിക്ക് പ്രശ്നമില്ല. ഞാനും അയാളും സ്നേഹത്തിലാണെന്നോ ഞാന്‍ അയാളെ കല്യാണം കഴിക്കാന്‍ പോകുന്നെന്നോ ഒക്കെ. അത് എന്തോ ആയിക്കോട്ടെ അത് എനിക്ക് പ്രശ്നമേ അല്ല. പക്ഷേ ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്.

ഞാനും ഫിറോസ് ഇക്കയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി ജീവിക്കുന്ന ആളുകളാണ്. എന്‍റെ കുട്ടിക്ക് വേണ്ടി ഞങ്ങള്‍ ഇപ്പോഴും ഹാപ്പിയായി ജീവിക്കുകയാണ്. ഇനി ഫിറോസ് ഇക്കയുടെ ലൈഫില്‍ ഒരു പെണ്ണ് വന്നാലോ എന്‍റെ ലൈഫില്‍ ഒരു ആണ് വന്നാലോ ഞങ്ങള്‍ക്ക് അതൊരു വിഷയമല്ല. ഞങ്ങള്‍ പറഞ്ഞ് തീരുമാനമെടുത്ത് പിരിഞ്ഞ ആളുകളാണ്. ഞങ്ങള്‍ ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ട്. മോന്‍റെ കാര്യം വരുമ്പോള്‍ സംസാരിക്കാറുണ്ട്. ഫാമിലി മീറ്റ് ചെയ്യാറുണ്ട്. കാരണം ഞങ്ങളുടെ കുഞ്ഞ് ഇതിനിടയ്ക്ക് ഉണ്ട്. പണ്ട് ഇതുപോലെ ഷിയാസിനെ വച്ച് ഒരു പ്രചരണം നടന്നിരുന്നു. എവിടെയെങ്കിലും ഒരു സാധനം കിട്ടുമ്പോള്‍ അതിനകത്ത് മറ്റുള്ളവരെ പിടിച്ച് ഇട്ടിട്ട് അവര്‍ കാരണമാണ് ഞങ്ങളുടെ ലൈഫ് കുളമായതെന്ന് ദയവ് ചെയ്ത് പറയല്ലേ. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. അവരെയും അത് ബാധിക്കും. പപ്പയും മമ്മിയും പിരിയാന്‍ കാരണം ഇതാണോ എന്ന് അവര്‍ക്കും വിഷമം തോന്നും. ഞങ്ങളുടെ ജീവിതത്തില്‍ മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങള്‍ പിരിഞ്ഞത്. ദയവ് ചെയ്ത് ആരെയും പിടിച്ചിടരുത്. ഇനി ഞാനൊരാളെ കല്യാണം കഴിച്ചോ, ഞാനൊരാളെ സ്നേഹിച്ചോ, എന്തോ ആയിക്കോട്ടെ. ആ ആള്‍ കാരണമാണ് ഞങ്ങള്‍ പിരിഞ്‍ഞതെന്ന് ദയവ് ചെയ്ത് പറയരുത്, സജ്ന നൂര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'തലച്ചോറിലാണ് ഇത് ആദ്യം വർക്ക് ചെയ്യുക, വിശപ്പില്ലാത്ത അവസ്ഥ വരും'; സൗഭാഗ്യയ്ക്ക് വിമര്‍ശനവുമായി സായ് കൃഷ്ണ
'ഇതാണല്ലേ അഖിൽ മാരാർ പറഞ്ഞ പ്രസവം?'; തൻവിയുടെ വീഡിയോയ്ക്കു താഴെയും അഖിൽ മാരാർക്ക് ട്രോൾ