
ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. ഇതിനിടെ ആര്യയെക്കുറിച്ചും ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ പ്രതികരിച്ചുകൊണ്ടുള്ള സിബിന്റെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
''ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്ത് എന്നെ ചില ഫാമിലി ഫംങ്ഷനുകളിൽ നിന്നു പോലും മാറ്റി നിർത്തിയിരുന്നു. ഇപ്പോൾ അതിലൊക്കെ വളരെയധികം മാറ്റം വന്നു. ബിഗ് ബോസിൽ നമ്മൾ സ്വന്തം പേരിലാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ റിയൽ ലൈഫിലും ഇങ്ങനെയാണെന്ന് കരുതി പലരും ജഡ്ജ് ചെയ്യുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. എന്നാൽ ബിഗ്ബോസ് റിയാലിറ്റി അല്ല, ഷോ ആണ്. ലാലേട്ടൻ പോലും ആ ഷോയ്ക്കു വേണ്ട രീതിയിലാണ് പെരുമാറുന്നത്. അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയല്ല'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞു.
''സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങളാണ് സത്യമെന്നു വിശ്വസിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറി കഴിഞ്ഞു. ഒരു കോളേജിലെ ഒരു പരിപാടിക്കു വേണ്ടി എന്നെ ബുക്ക് ചെയ്യാൻ ഒരു ടീം തീരുമാനിച്ചിരുന്നു. പക്ഷെ സിബിൻ ചേട്ടനെ വിളിക്കേണ്ട. പുള്ളിക്ക് കുറേ ഹേറ്റേഴ്സുണ്ടെന്നാണ് മറ്റ് ചില കുട്ടികൾ അഭിപ്രായപ്പെട്ടത്. അതിന് കാരണം എന്റെ ഇൻസ്റ്റഗ്രാമിൽ കുറേ നെഗറ്റീവ് കമന്റ്സ് കണ്ടു എന്നതാണ്. പക്ഷേ ഞാൻ പുറത്തിറങ്ങുമ്പോൾ ഇന്നേവരെ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. റിയൽ ലൈഫ് സിനാരിയോ വളരെ വ്യത്യസ്തമാണ്. സിബിൻ കാരണം നിനക്ക് വരെ ഷോ കിട്ടാതായില്ലേയെന്ന് ആര്യയോട് പറഞ്ഞുകൊണ്ടുള്ള ഒരു കമന്റ് സോഷ്യൽ മീഡിയയിൽ ഞാൻ കണ്ടിരുന്നു. ആ കമന്റ് വായിക്കുന്ന പലരും അത് ശരിയാണല്ലോയെന്ന് ചിന്തിക്കില്ലേ? ഈ കമന്റ് കണ്ട് ആര്യ എന്നോട് സംസാരിക്കാതിരിക്കും, ഒറ്റപ്പെടുത്തും എന്നൊക്കെയുള്ള ധാരണയിലാണ് ഇങ്ങനെയൊക്കെ കമന്റ് ചെയ്യുന്നത്. പക്ഷേ, ഞങ്ങൾക്കിടയിൽ അങ്ങനൊരു അകൽച്ച വന്നിട്ടേയില്ല. അതുകൊണ്ടാണ് വിവാഹം ചെയ്യാമെന്ന് പോലും ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചത്. എന്ത് വന്നാലും ആർക്കും ഞങ്ങളെ തമ്മിലടിപ്പിക്കാൻ ആർക്കും പറ്റില്ലെന്ന് മനസിലായി'', സിബിൻ കൂട്ടിച്ചേർത്തു.