
ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഈ വർഷം ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ ഒരഭിമുഖത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സിബിൻ. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും ഇനി ചടങ്ങ് എവിടെ നടത്തണം എന്ന കാര്യം കൂടി തീരുമാനിക്കാനുണ്ടെന്നും സിബിൻ അഭിമുഖത്തിൽ പറഞ്ഞു.
ആര്യയുടെ അമ്മയുടെ അടുക്കൽ വിവാഹക്കാര്യം അവതരിപ്പിച്ചത് താനാണെന്ന് സിബിൻ പറയുന്നു. ''ആര്യയുടെ അമ്മയോട് വിവാഹക്കാര്യം പറഞ്ഞത് ഞാനാണ്. അമ്മ കുറച്ച് നേരം വാ തുറന്ന് ഇരുന്നു. എന്തരോ വരട്ടെ എന്ന മോഡായിരുന്നു പുള്ളിക്കാരിക്ക്. ആര്യയുടെ അമ്മയും ഞാനും തമ്മിൽ നല്ല ബോണ്ടാണ്.
ആര്യയുടെ സഹോദരി അഞ്ജു എനിക്ക് എന്റെ പെങ്ങളെപ്പോലെയാണ്. ബിഗ് ബോസിൽ നിന്നും വന്നശേഷം ഒരിക്കൽ ഞാൻ അഞ്ജുവിന്റെ ഡയറി വായിക്കാൻ ഇടയായി. അതിൽ എന്നെയും ആര്യയേയും കുറിച്ച് എഴുതിയിരുന്നു. ഇവർ രണ്ടുപേരും കല്യാണം കഴിച്ചാൽ സൂപ്പറായിരിക്കുമെന്ന് എനിക്ക് തോന്നുന്നുവെന്നാണ് അവൾ ഞങ്ങളെ കുറിച്ച് എഴുതിയിരുന്നത്. അച്ഛനുള്ള കത്തായിട്ടായിരുന്നു അവൾ അക്കാര്യം ഡയറിയിൽ എഴുതിയിരുന്നത്'', സിബിൻ പറഞ്ഞു. തന്റെ വീട്ടുകാരോട് എന്റെ കോൺഫറൻസ് കോളിലൂടെയാണ് വിവാഹക്കാര്യം പറഞ്ഞതെന്നും ആ കോൺഫറൻസ് കോളിൽ ആര്യയും ഉണ്ടായിരുന്നുവെന്നും സിബിൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് എന്ന ഷോയിലൂടെയാണ് ആര്യയുമായി കൂടുതൽ അടുത്തതെന്നും സിബിൻ പറഞ്ഞു. ''അതിനു മുൻപ് ഞങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നു. പക്ഷേ അന്നൊന്നും അവൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ ഒരു സ്പേസിലേക്ക് ആര്യയെ സങ്കൽപ്പിച്ചിരുന്നുമില്ല'', സിബിൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക