'ഫോര്‍ച്യൂണര്‍ എടുക്കാനുള്ള കോണ്ടെന്‍റ്' എന്ന് ഡിവോഴ്സിനെക്കുറിച്ച് പരിഹാസം; പ്രതികരണവുമായി സുജിന്‍ കൃഷ്‍ണ

Published : Feb 13, 2026, 09:05 AM IST
Sujin Krishna reacts to negative comments about his divorce with nidha satheesan in new video

Synopsis

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ സുജിനും നിദയും വേർപിരിയുന്നതായി അറിയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ തീരുമാനം അറിയിച്ചതിന് പിന്നാലെ തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പരിഹാസങ്ങളെക്കുറിച്ച് പറയുകയാണ് സുജിന്‍

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ യുവദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയാനുള്ള തങ്ങളുടെ തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും വെവ്വേറെ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റുകളിലൂടെ ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിന് ശേഷം മോശം കമന്‍റുകള്‍ നേരിടേണ്ടിവരുന്നതായി സുജിന്‍ കൃഷ്ണ പറയുന്നു. നിദയും മോശം കമന്‍റുകള്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാനായി ഒരു വീഡിയോയും സുജിന്‍ പുറത്തിറക്കിയിട്ടുണ്ട്. ഫോര്‍ച്യൂണര്‍ കാര്‍ എടുക്കാന്‍ വേണ്ടി സൃഷ്ടിച്ച കോണ്ടെന്‍റ് ആണ് തങ്ങളുടെ ഡിവോഴ്സ് എന്ന് പോലും പറഞ്ഞവര്‍ ഉണ്ടെന്നും അതിനാല്‍ പുതിയ വീഡിയോയുടെ കമന്‍റ് ബോക്സ് ഓഫ് ആക്കി വെക്കുകയാണെന്നും സുജിന്‍ കൃഷ്ണ പറയുന്നു.

സുജിന്‍ കൃഷ്ണ പറയുന്നു

"ഇതിന് മുന്‍പ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നമുണ്ടായപ്പോള്‍ അത് പ്രാങ്ക് ആണെന്ന് നിങ്ങള്‍ പറഞ്ഞു. ശരിക്കുമുള്ള കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ യുട്യൂബില്‍ വീഡിയോ ഇടാറില്ല. ഞങ്ങളുടെ ഇപ്പോഴത്തെ തീരുമാനം തെറ്റാണെന്നൊക്കെ പറഞ്ഞ് കുറേപ്പേര്‍ കമന്‍റ് ചെയ്യുന്നുണ്ട്. ഞങ്ങൾ രണ്ടുപേർക്ക് ഒന്നിച്ചു പോകാൻ പറ്റില്ല എന്നുള്ളതുകൊണ്ടാണ് വേർപിരിയാന്‍ തീരുമാനിച്ചത്. ഒരുപാട് വാര്‍ത്തകളൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഭാര്യ ഭർത്താക്കന്മാര്‍ തല്ലി, ഭർത്താവ് ഭാര്യ കൊന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുത്തു എന്നൊക്കെ. അതിലേക്കൊന്നും പോകാതെ ഞങ്ങള്‍ എടുത്ത തീരുമാനമാണ് അത്. സോഷ്യല്‍ മീഡിയയില്‍ കുറച്ച് അറിയപ്പെടുന്ന ആളുകളായതുകൊണ്ട് അത് നിങ്ങളെ അറിയിച്ചു എന്ന് മാത്രം. ആ തീരുമാനം കോണ്ടെന്‍റ് ആക്കാനോ വീഡിയോ ആക്കാനോ ഞങ്ങള്‍ ശ്രമിച്ചില്ല. ഓരോ പോസ്റ്റുകള്‍ ഇട്ടു എന്നേ ഉള്ളൂ. പക്ഷേ ആ പോസ്റ്റുകള്‍ വച്ച് ഒരുപാട് പേര്‍ വീഡ‍ിയോകള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ പലരും അവളെ മോശക്കാരിയാക്കിയിട്ടും വീഡിയോകള്‍ ഇടുന്നത് കണ്ടു. അത് ശരിയല്ല. മുന്‍പ് ഒരു വീഡിയോയില്‍ ഒരു തമ്പ്നെയില്‍ ഞാന്‍ ഇട്ടിട്ടുണ്ടായിരുന്നു. അത് എന്‍റെ ഭാ​ഗത്തുനിന്ന് സംഭവിച്ച തെറ്റ് ആയിരുന്നു.

ഇനി കുറേ ആളുകള്‍ വന്നിട്ട് പറയും അവൻ കോണ്ടെന്റിനു വേണ്ടി ഓരോന്ന് ചെയ്യുകയാണെന്ന്. ചിലർ പറയുന്നുണ്ട് ഫോർച്യൂണര്‍ എടുക്കാൻ വേണ്ടിയാണ് ഇതൊക്കെയെന്ന്. അത്രയും തരംതാണ പരിപാടി ഞാൻ ഒരിക്കലും ചെയ്യില്ല. പൊന്നൂസിനെ മോശമായി പറയുന്നത് ചിലര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടി. അത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. അതുകൊണ്ടാണ് ഈ വീഡിയോ. വേര്‍പിരിയല്‍ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. മൂന്നാല് മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഞങ്ങള്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ശത്രുക്കളല്ല. എനിക്കറിയാം ഈ വീഡിയോ പോലും റിയാക്ട് ചെയ്യാൻ വേണ്ടി ഒരുപാട് ആൾക്കാർ കാത്തിരിക്കുകയാണ്. സത്യമായിട്ടും ‌ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചതല്ല. ഇനി ഇതിനെപ്പറ്റി ആരും വേറെ വീഡിയോസ് ഒന്നും ഇടരുത്. ഇത് ഇതേക്കുറിച്ചുള്ള അവസാന വീഡിയോ ആണ്. ഇനി ഈ ഒരു വിഷയത്തില്‍ ഞാൻ യൂട്യൂബിൽ സംസാരിക്കില്ല. പിന്നെ ഞാൻ ഈ യൂട്യൂബിന്റെ കമന്റ് ബോക്സ് ഓഫ് ആക്കി വെക്കുന്നുണ്ട്. കാരണം കമന്റ് ബോക്സിൽ വന്നിട്ട് മറ്റുള്ള ആൾക്കാരെ ഓരോന്ന് പറഞ്ഞ് പുളകം കൊള്ളുന്ന കുറേ ആൾക്കാരുണ്ട്. അവർക്ക് അങ്ങനെ ഒരു പുളഹം കിട്ടണ്ട."

PREV
Read more Articles on
click me!

Recommended Stories

'ലോകത്തിന് നിന്നെ ആവശ്യമുണ്ട്'; ഗബ്രിയെ കുറിച്ച് ജാസ്മിൻ
'ഒരു വിരൽ ഉയർന്നു, അത് അശ്ലീലമല്ല, ആത്മവിശ്വാസം': പാർവതിയുടെ ‘സേ ഇറ്റ്’ പ്രതികരണത്തിന് കയ്യടിച്ച് നടി