
നടിയും അവതാരകയുമായ ആര്യയും മുൻ ബിഗ്ബോസ് താരവും ആർജെയുമായ സിബിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ വിവാഹ നിശ്ചയത്തിന്റെ കൂടുതൽ ഫോട്ടോകളും ഇവർ ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആര്യയെക്കുറിച്ച് സിബിൻ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''ഞങ്ങളുടെ എൻഗേജ്മെന്റ് ഫോട്ടോകൾക്കു താഴെ നല്ല കമന്റുകൾ കാണുന്നതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ രണ്ടുപേരും ആലോചിച്ച് എടുത്ത തീരുമാനമാണത്. അത് എല്ലാവരും സ്വീകരിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. വ്യക്തി ജീവിതത്തിൽ എനിക്ക് വളരെ മോശം ഭൂതകാലമുണ്ട്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. മാത്രമല്ല രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആളുകളുമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്'', സിബിൻ അഭിമുഖത്തിൽ പറഞ്ഞു. വിവാഹത്തെക്കുറിച്ചും ആര്യയെക്കുറിച്ചുമുള്ള കൂടുതൽ കാര്യങ്ങൾ തങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള ഒരവസരത്തിൽ പറയാമെന്നും സിബിൻ കൂട്ടിച്ചേർത്തു.
താനൊരു ലോ പ്രൊഫൈൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും സിബിൻ പറഞ്ഞു. ''എനിക്ക് എല്ലായിടത്തും പോകുമ്പോൾ ഞാനായി തന്നെ ഇരിക്കാനാണ് ഇഷ്ടം. എൻഗേജ്മെന്റിനുശേഷം പുറത്തിറങ്ങുമ്പോഴെല്ലാം ആര്യയെ കുറിച്ചാണ് ചോദ്യങ്ങളെല്ലാം. അടുത്ത് പരിചയമുള്ള ആളുകളെപ്പോലെയാണ് നമ്മളെ എവിടെ വെച്ച് കണ്ടാലും പലരും ട്രീറ്റ് ചെയ്യുന്നത്'', സിബിൻ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ ട്വിൻ ആണ് സിബിൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു സിബിനെക്കുറിച്ചുള്ള ചോദ്യത്തോട് ആര്യ നേരത്തേ പ്രതികരിച്ചത്. തന്റെ കമ്പനിയായ കാഞ്ചീവരത്തിന്റെ സിഎഫ്ഒ ആണ് സിബിൻ എന്നും മാനേജ്മെന്റും അക്കൗണ്ട്സുമൊക്കെ സിബിന്റെ കയ്യിലാണെന്നും ആര്യ പറഞ്ഞിരുന്നു.