
കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിക്ക് പിന്നാലെയുണ്ട്.അഭിനയ രംഗത്തേക്കും മറ്റും എത്തിയതോടെ ആയിരുന്നു രേണു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നാലെ എന്തിനും ഏതിനും ട്രോളുകളും വിമർശനങ്ങളും ധാരാളമായി വന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിനിടെബിഗ് ബോസിലും രേണു സുധി എത്തി. ഇപ്പോഴിതാ സ്വന്തമായി ഒരു കാറും സ്വന്തമാക്കിയിരിക്കുകയാണ് രേണു. നീല നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ ആണ് രേണു വാങ്ങിയത്. മക്കളായ കിച്ചുവിനും റിതുലിനും മാതാപിതാക്കള്‍ക്കും ഒപ്പമാണ് രേണു കാര്‍ വാങ്ങാനായി ഷോറൂമിൽ എത്തിയത്.
ഇനിതിനിടെ, കാറിന് സുധിയുടെ പേരിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു മറുപടി നൽകുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ''കാറിന് ഒരു പേരുണ്ടല്ലോ, സ്വിഫ്റ്റ്. ഇനി അതിന് വേറെ പേരിടേണ്ട ആവശ്യമില്ല. സുധിച്ചേട്ടന്റെ പേര് സുധിച്ചേട്ടനുള്ളതാണ്, അല്ലാതെ കാറിനിടാനുള്ളതല്ല'', എന്നായിരുന്നു രേണുവിന്റെ പ്രതികരണം. നിരവധിപ്പേരാണ് രേണുവിന്റെ ഈ മറുപടിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
തനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ലെന്നും ഷൂട്ടിങ്ങുകള്‍ക്കും മറ്റുമായി ട്രെയിനിലും ബസിലുമൊക്കെയായി യാത്ര തുടരുമെന്നും രേണു ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ''എന്റെ അധ്വാനം കൊണ്ടു വാങ്ങിയ കാറാണ്, അതുകൊണ്ടു തന്നെ ഒരുപാട് സന്തോഷം. ഇത് ഇത്ര വലിയ കാര്യമാണോ എന്ന് ചിലർ ചോദിച്ചേക്കാം. അവർക്കത് വലിയ കാര്യമായിരിക്കില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യം തന്നെയാണ്'', എന്നും രേണു കൂട്ടിച്ചേർത്തു.