എന്തുകൊണ്ട് വീണ്ടും ഷാജിപാപ്പാന്‍?

By സി. വി സിനിയFirst Published Dec 16, 2017, 10:15 AM IST
Highlights

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ട്രെന്‍ഡ് ആണ് ഷാജി പാപ്പാന്‍. 'ആട് ഒരു ഭീകര ജീവിയാണ്' എന്ന  ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഷാജിപാപ്പാനെ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ട്രെന്‍ഡ് ആണ് ഷാജി പാപ്പാന്‍. 'ആട് ഒരു ഭീകര ജീവിയാണ്' എന്ന  ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഷാജിപാപ്പാനെ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. പ്രേക്ഷക മനസ്സിലേക്ക് ഇത്ര ആഴ്ന്നിറങ്ങിയ ഷാജി പാപ്പാന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയതിനെ കുറിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. സി.വി. സിനിയ നടത്തിയ അഭിമുഖം.

ആട് ഒരു ഭീകരജീവിയാണ് എന്ന കഥ പിറക്കുന്നത്

എന്‍റെ സുഹൃത്തിന്‍റെ ഒരു യാത്രാ അനുഭവത്തില്‍ നിന്നാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന കഥ പിറക്കുന്നത്. ഈ സുഹൃത്ത് ഒരു യാത്രപോയി, തിരിച്ചു വരുമ്പോള്‍ ഒരാടും ഉണ്ടായിരുന്നു. പിന്നീട് അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളാണ് സിനിമയായി രൂപം കൊണ്ടത്. 

രണ്ടാം ഭാഗം ഒരുക്കിയതിന് പിന്നില്‍

ആദ്യ ഭാഗമായ 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം തിയേറ്ററുകളില്‍ അത്ര വിജയമായിരുന്നില്ല. പക്ഷേ ഒരു ഹിറ്റ് സിനിമയ്ക്കുള്ള സ്വീകാര്യതയാണ് ആദ്യ ഭാഗത്തിന് ലഭിച്ചത്. എങ്കില്‍ പോലും ഷാജി പാപ്പാനെയും ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയെയും പ്രേക്ഷകര്‍  ഏറ്റെടുത്തതാണ്. വേറെ ഒരു ഭാഷയില്‍ സ്വീകരിപ്പിക്കപ്പെട്ട സിനിമയാണിത്. അങ്ങനെയാണ് രണ്ടാം ഭാഗത്തിന് ഒരു ആശയമൊരുക്കിയത്. പിന്നീട് രണ്ടാം ഭാഗം എടുക്കാമെന്ന തീരുമാനത്തിലെത്തി. നല്ലൊരു കഥയ്ക്ക് വേണ്ടി കുറേ കാത്തിരുന്നു. പിന്നീടാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത്. നിര്‍ണായകമായ കഥയാണ്. ഇത് സമകാലിന സംഭവുമായി ബന്ധപ്പെട്ടിട്ടുള്ള കഥയാണ് സിനിമയിലുടനീളം പറയാന്‍ ശ്രമിക്കുന്നത്.

ആദ്യഭാഗത്തെ കഥാപാത്രങ്ങള്‍

 ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച തന്നെയാണ് ആട്2 വിലും പറയുന്നത്. സിനിമയുടെ ഹാസ്യത്തിന് മാറ്റം വരുത്താതെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തെ കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 22 ന്  ആട് 2 തിയേറ്ററുകളില്‍ എത്തും.

റെക്കോര്‍ഡിട്ട ട്രെയിലര്‍

തിയേറ്ററില്‍ അത്ര ഹിറ്റാകാതെ പോയ സിനിമയാണ് 'ആട് ഒരു ഭീകര ജീവിയാണ്' എന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ നിമിഷനേരങ്ങള്‍കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അത് ഷാജി പാപ്പാന്‍റെ വിജയമാണ്. അതിന്‍റെ എല്ലാ ക്രെഡിറ്റും ഷാജി പാപ്പാനുള്ളതാണ്. 

നമ്മുടെ നാട്ടില്‍ വടം വലി അതുപോലുള്ള ടൂര്‍ണമന്‍റുകള്‍ സജീവമാണ്. അങ്ങനെ ഒരു വടം വലിയുടെ കഥ പറഞ്ഞാല്‍ എന്താണ് എന്ന് ആലോചിച്ചു. അതിന് വേണ്ടി കുറേ അച്ചായന്‍മാരുണ്ടാകുന്നു

ഷാജി പാപ്പാന്‍ രൂപം കൊള്ളുന്നത്

 ഷാജി പാപ്പാന്‍ എന്ന കഥാപാത്രം രൂപം കൊള്ളുന്നതില്‍ കൃത്യമായി ഒരു പ്രചോദനം ഇല്ല. ഞാന്‍ ഒരു നാട്ടുമ്പുറത്തുക്കാരനാണ്. എന്തെങ്കിലും ഒരു വിഷയം പറഞ്ഞ് രണ്ടാമത്തേതില്‍ എടുത്തു ചാടുന്ന ഒട്ടേറെ പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെ ഉള്ളവരെ നേരില്‍ കാണാറുമുണ്ട്. നമ്മുടെ നാട്ടില്‍ വടം വലി അതുപോലുള്ള ടൂര്‍ണമന്‍റുകള്‍ സജീവമാണ്. അങ്ങനെ ഒരു വടം വലിയുടെ കഥ പറഞ്ഞാല്‍ എന്താണ് എന്ന് ആലോചിച്ചു. അതിന് വേണ്ടി കുറേ അച്ചായന്‍മാരുണ്ടാകുന്നു. അങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നാണ് ഷാജി പാപ്പാന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. നമുക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നും രൂപപ്പെടുത്തിയ കഥാപാത്രമാണ്. 

ആദ്യ ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തെ വ്യത്യസ്തമാക്കുന്നത്

സിനിമയുടെ പ്രമേയത്തില്‍ മാത്രമാണ് വ്യത്യസ്തയുള്ളത്. ആദ്യ ഭാഗത്തില്‍ നിന്ന് ഷാജി പാപ്പാന്‍റെ ബുള്ളറ്റും മുണ്ടും വ്യത്യസ്തമാക്കുന്നുണ്ട്. മുണ്ട് അഴിച്ചിടുമ്പോള്‍ ഒരു നിറം, മടക്കി കുത്തുമ്പോള്‍ മറ്റൊരു നിറം. ഇതിന്‍റെ ക്രെഡിറ്റ് ജയസൂര്യയുടെ ഭാര്യ സരിതയ്ക്കാണ്. ആദ്യ ഭാഗത്തില്‍ ഉപയോഗിച്ച അതേ വാന്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ഉപയോഗിച്ചിരിക്കുന്നത്.

click me!