ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍; എ.എം.എം.എ എന്ന് വിളിച്ചതില്‍ അതൃപ്തി

By Web TeamFirst Published Oct 19, 2018, 2:56 PM IST
Highlights

ഡബ്ല്യൂസിസിയുടെ മറ്റ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോ‍ഡി വിളിക്കില്ല. 'ദിലീപ്' എന്ന പ്രശ്നം പരിഹരിച്ചു. രാജിവെച്ചവരെ തിരിച്ചെടുക്കണമെങ്കിൽ ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നല്‍കണം. എങ്കിൽ വാർഷികജനറൽ ബോഡി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മോഹൻലാൽ.

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ 'വിമന്‍ ഇന്‍ സിനിമ കളക്ടീവി'നെതിരെ ആഞ്ഞടിച്ച് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍. 'അമ്മ'യിലുള്ളവര്‍ തന്നെ ഡബ്ല്യൂസിസിയിലുമുണ്ട്. ആ അംഗങ്ങൾ 'അമ്മ' എന്നതിന് പകരം എ.എം.എം.എ എന്ന് പറയുന്നതില്‍ അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ദിലീപ് രാജിക്കത്ത് നല്‍കിയതെന്നും മോഹൻലാൽ സ്ഥിരീകരിച്ചു.

''തനിക്ക് അവര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. അമ്മയുടെ എക്സിക്യൂട്ടീവ് കൂടിയോ ജനറല്‍ ബോ‍ഡി കൂടിയോ മാത്രമേ തീരുമാനങ്ങള്‍ എടുക്കാനാകൂ. 'അമ്മ' ഭാരവാഹികളെ വിശ്വാസമില്ലെന്ന് പറഞ്ഞ ഡബ്ല്യൂസിസി അംഗങ്ങള്‍ക്കുള്ള മറുപടിയാണ് സിദ്ധിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്'. മോഹൻലാൽ വ്യക്തമാക്കി.

അമ്മയുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഡബ്ല്യൂസിസിയുടെ മറ്റ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനറല്‍ ബോ‍ഡി വിളിക്കില്ല. 'ദിലീപ്' എന്ന പ്രശ്നം പരിഹരിച്ചു. രാജിവെച്ചവരെ തിരിച്ചെടുക്കുന്ന കാര്യം കത്ത് നല്‍കിയാല്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനിക്കാം. അവര്‍ മാപ്പ് പറയണമെന്ന് ജനറല്‍ ബോഡി പറഞ്ഞാല്‍ തനിക്ക് ഒന്നും ചെയ്യാനാകില്ല.' മോഹൻലാൽ പറഞ്ഞു. 

വ്യക്തിപരമായി അവര്‍ മാപ്പ് പറയണമെന്നില്ലെന്നാണ് തന്‍റെ നിലപാടെന്ന് പറഞ്ഞ മോഹൻലാൽ, രാജിവെച്ചവരെ തിരിച്ചെടുക്കുമെന്ന കാര്യം ഇപ്പോള്‍ ചിന്തയിലില്ലെന്നും വ്യക്തമാക്കി.  അത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കരുതുന്നില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. 

click me!