കബാലി മോഹന്‍ലാല്‍ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

By Web DeskFirst Published Jul 1, 2016, 3:03 PM IST
Highlights

കൊച്ചി: മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്‍റെ ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കേരളാ റൈറ്റ്‌സ് സ്വന്തമാക്കിയത്. മലയാള സിനിമ വിതരണ രംഗത്ത് ഏറ്റവും വലിയ വില ചിലവാക്കിയാണ് മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശം വാങ്ങിയത് എന്നാണ് സിനിമ ലോകത്തെ സംസാരം.

ഒരു മാസത്തോളമായി ചിത്രത്തിന്‍റെ നിര്‍മ്മാതക്കള്‍ കേരളത്തിലെ പല മുന്‍നിര ബാനറുകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ വാഗ്ദാനങ്ങള്‍ക്ക് എല്ലാം തള്ളിയാണ് വിതരണാവകാശം മോഹന്‍ലാല്‍ നേടിയത്. കബാലി 9 കോടി രൂപയ്ക്കാണ് മോഹന്‍ലാല്‍ വാങ്ങിയതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത‍. എന്നാല്‍ പിന്നീട് 8 കോടി 50 ലക്ഷമാണെന്ന് പിന്നീട് വാര്‍ത്തകളുണ്ടായി. 

എന്നാല്‍ ഏഴ് കോടി രൂപയ്ക്കാണ് കബാലി മാക്‌സ് ലാബും ആശിര്‍വാദ് സിനമാസും ചേര്‍ന്ന് സ്വന്തമാക്കിയെന്നതാണ് നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആറ് കോടി അമ്പത് ലക്ഷം രൂപാ നല്‍കാമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവ് കലൈപുലി എസ് താണുവിനെ അറിയിച്ചെങ്കിലും വിതരണാവകാശം ലഭിച്ചില്ല. 

ആറ് കോടി രൂപയ്ക്കാണ് ഫ്രൈഡേ ഫിലിംസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് തെരി വിതരണാവകാശം സ്വന്തമാക്കിയത്. ഇതിന് മുമ്പ് ബാഹുബലി, ഐ എന്നീ സിനിമകള്‍ക്കാണ് ഉയര്‍ന്ന തുക നല്‍കിയത്. ഐ 5 കോടി പത്ത് ലക്ഷവും ബാഹുബലി 4 കോടി 25 ലക്ഷവും നല്‍കിയാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കേരളത്തിലെത്തിച്ചത്.

കബാലി ജൂലൈ 15ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 200ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ സെന്‍സറിംഗ് പൂര്‍ത്തിയായി ജൂലൈ 22ന് ചിത്രമെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

click me!