ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിക്കൊപ്പം ഓണം ആഘോഷിച്ച് ലാലേട്ടന്‍

Published : Sep 14, 2016, 03:55 AM ISTUpdated : Oct 04, 2018, 07:17 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിക്കൊപ്പം ഓണം ആഘോഷിച്ച് ലാലേട്ടന്‍

Synopsis

വെബ് ഡെസ്‍ക്

കൊച്ചി: ഓണം ബംപറടിച്ച സന്തോഷമായിരുന്നു അവര്‍ 21 പേര്‍ക്ക്. മുന്നിലിരിക്കുന്നത് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. അദ്ദേഹം ഉത്തരം പറയാന്‍ പോവുന്നത് അവരുടെ ചോദ്യങ്ങള്‍ക്കും. ഏഷ്യാനെറ്റ് ന്യൂസ് ഡോട് ടിവി സംഘടിപ്പിച്ച ഒപ്പത്തിനൊപ്പം മത്സരത്തിലെ വിജയികളായ 21 പേരും മോഹന്‍ലാലിനൊപ്പം ഓണം ആഘോഷിച്ചു. ഒപ്പത്തിന്റെ ട്രെയിലര്‍ കണ്ട് കഥ ഊഹിക്കാനാകുമോ എന്നായിരുന്നു വായനക്കാര്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഡോട് ടിവി സംഘടിപ്പിച്ച മത്സരം. മികച്ച വീഡിയോകള്‍ അയച്ച് 21 പേര്‍ക്കാണ് ലാലേട്ടനൊപ്പം അത്താഴവിരുന്നിന് അവസരം ലഭിച്ചത്.

ഒപ്പം മത്സരത്തിലെ വിജയിയായി തെരഞ്ഞെടുത്തുവെന്ന് ഫോണിലൂടെ അറിയിച്ചപ്പോള്‍ ചിലര്‍ ആദ്യം ഒന്നു നിശബ്‍ദരായി. സന്തോഷാധിക്യത്താലാവണം, ആദ്യം ശബ്‍ദം വന്നില്ല. അദ്ഭുതമായിരുന്നു മറ്റുചിലരുടെ പ്രതികരണങ്ങളില്‍. സത്യം തന്നെയാണോ എന്നു ചിലര്‍ക്കു സംശയം. ലാലേട്ടന്റെ ഒപ്പം ഓണാഘോഷിക്കാന്‍ പറ്റുമോ? ഫോണിന്റെ മറുവശത്ത് ഉള്ളവരുടെ ആഹ്ലാദം അവരുടെ ശബ്‍ദത്തിലൂടെ തിരിച്ചറിയാമായിരുന്നു. തിരുവോണനാളില്‍ കൊച്ചിയില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടോ? എന്തു ബുദ്ധിമുട്ട്? ലാലേട്ടന്റെ ഒപ്പമിരിക്കാന്‍ ജീവിതത്തില്‍ എപ്പോഴും പറ്റുമോ? ഉറപ്പായും വരും. ലാലേട്ടന്റെ ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റുമല്ലോ അല്ലേ? -എല്ലാവരുടെയും മറുപടി ഏതാണ്ടു ഒരുപോലെ.

എല്ലാവരോടും കൊച്ചിയില്‍ എത്താന്‍ പറഞ്ഞത് ഓണദിവസം വൈകുന്നേരം ഏഴു മണിയോടെയായിരുന്നു. പക്ഷേ നാലു മണി മുതല്‍ ഫോണ്‍ വിളികള്‍ വരാന്‍ തുടങ്ങി. ചേട്ടാ ഞാന്‍ ഇവിടെ എത്തി കേട്ടോ, ഹോട്ടലിന്റെ മുന്നിലുണ്ട്. ഏഴു മണിയാകുമ്പോള്‍ എത്തിയാല്‍ മതിയെന്നു പറഞ്ഞെങ്കിലും അവര്‍ക്ക് ആര്‍ക്കും അത് പ്രശ്‍നമല്ലായിരുന്നു. എത്രസമയം വേണേലും കാത്തിരിക്കാന്‍ തയ്യാര്‍.

കൊച്ചിയിലെ ട്രാവന്‍കൂര്‍‌ കോര്‍ട്ടിലെ വേദിയിലേക്ക് ലാലേട്ടന്‍ വന്നത് പറഞ്ഞതിലും ഒരു മണിക്കൂര്‍ കഴിഞ്ഞായിരുന്നു. പക്ഷേ അച്ചടക്കമുള്ള കുട്ടികളെപ്പോലെ അവര്‍ അവിടെ കാത്തിരുന്നു. എട്ടു മണിയോടെ ലാലേട്ടന്‍ വേദിയിലേക്ക് കടന്നുവന്നു. ആശങ്കയും അത്ഭുതവും നിറഞ്ഞ മുഖങ്ങള്‍. എന്നാല്‍ സ്വതസിദ്ധമായശൈലിയില്‍ മോഹന്‍ലാല്‍ ഒപ്പം കൂടിയതോടെ ആശങ്കയുടെ നിമിഷങ്ങള്‍ക്ക് തിരശീല. മലയാളികളെ കൊതിപ്പിക്കുന്ന കള്ളച്ചിരി ചിരിച്ച് ലാലേട്ടന്‍.

പിന്നെ ഓരോരുത്തര്‍ക്കും ലാലേട്ടനോട് ചോദ്യം ചോദിക്കാനുള്ള അവസരമായിരുന്നു. ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രം കോയമ്പത്തൂരില്‍ നിന്നെത്തിയ ശ്രീരമ്യക്കായിരുന്നു ആദ്യത്തെ ഊഴം. ഒരു വിഷമം വരുമ്പോള്‍ ഏതു സുഹൃത്തിനോടാണ് ആദ്യം പറയുക എന്നായിരുന്നു ശ്രീരമ്യയുടെ ചോദ്യം. എന്നാല്‍ സ്ഥിരമായി വിഷമിച്ച് ഇരിക്കാറില്ലെന്നും അങ്ങനെ ബുദ്ധിമുട്ടു വന്നാല്‍ പറയാന്‍ ഒരുപാട് പേരുണ്ടെന്നും ലാലേട്ടന്‍. ശ്രീരമ്യ അടുത്തയാള്‍ക്ക് മൈക്ക് കൈമാറുന്നതിനിടയില്‍ തിരിച്ച് ലാലേട്ടന്റെ ചോദ്യം. നിങ്ങള്‍ കണ്ടുപിടിച്ച ഒപ്പത്തിന്റെ കഥ എന്താണ് ? 97 ശതമാനം കഥയും കണ്ടുപിടിച്ചെന്നു ശ്രീരമ്യ. കണ്ണിറുക്കി കള്ളച്ചിരിയോടെ തലകുലുക്കി ലാലേട്ടന്‍.

തിരുവനന്തപരുത്തു നിന്നുള്ള ചന്തുവിന് അറിയേണ്ടത് പുലിമുരുകന്റെ വിശേഷങ്ങളും അതിലെ സ്റ്റണ്ടു സീനുകളെക്കുറിച്ചും. എന്നാല്‍ എല്ലാം പറയില്ലാ എന്ന് കുസൃതിച്ചിരിയോടെ ലാലേട്ടന്‍. പിന്നെ പുലിമുരുകന്റെ വിശേഷങ്ങള്‍. മറ്റൊരു ആരാധകരന്‍ ആന്റണിച്ചേട്ടനും (ആന്റണി പെരുമ്പാവൂര്‍) നമസ്‍കാരം പറഞ്ഞപ്പോള്‍ പെരുമ്പാവൂരാണോ വീട് എന്ന് ലാലേട്ടന്‍. ചെറുചിരിയുയര്‍ത്തിയ നിമിഷങ്ങള്‍. ഓഷോയെ വായിച്ചത് ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ? മലപ്പുറത്തുകാരന്‍ മുനാവര്‍. ചോദ്യം ലാലേട്ടന് ഒരുപാടിഷ്ടമായെന്നതിന് മുഖഭാവം തെളിവ്.

ജീവിതത്തില്‍ മാറ്റമുണ്ടാക്കിയെന്നല്ല, ചിന്തകളില്‍ മാറ്റമുണ്ടാക്കിയെന്ന് മുനാവറിനോട് ലാലേട്ടന്‍. പുസ്തകങ്ങള്‍ വായിച്ചത് കൊണ്ടുമാത്രം ജീവിതത്തില്‍ മാറ്റമുണ്ടാകില്ല. ചിന്തകള്‍ക്കും ധാരണകള്‍ക്കും വികാസമുണ്ടാകും. നമ്മുടെ ചില ചോദ്യങ്ങള്‍ക്കും ചിലപ്പോള്‍ ചില പുസ്തകങ്ങള്‍ മറുപടി നല്‍കിയേക്കും.  ഓഷോയുടെ പുസ്തകങ്ങള്‍ വളരെയധികമൊന്നും താന്‍ വായിച്ചിട്ടില്ല. ഫലിതത്തിലൂടെ ജീവിതത്തെ കാണുന്ന ആളാണ് ഓഷോ. താനും അത്തരത്തിലുള്ള ആളാണെന്നും ലാലേട്ടന്‍.

ഓഷോയായി അഭിനയിക്കാന്‍ മുമ്പ് നടത്തിയ ശ്രമങ്ങളെ കുറിച്ചും ലാലേട്ടന്‍ മുനാവറിനോട് വെളിപ്പെടുത്തി. ഓഷോയുടെ ആശ്രമത്തില്‍ പോയതും ഒരു ഇറ്റാലിയന്‍ സംവിധായകനുമായി ചേര്‍ന്ന്  ഓഷോ ചിത്രം ആലോചിച്ചതും ഓഷോയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതും ഉള്‍പ്പെടെയുള്ള കഥകള്‍. പലരാജ്യങ്ങളിലുള്ള നിരവധിപ്പേരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഓഷോയുടെ വേഷത്തില്‍ പരിഗണിച്ചിരുന്നു എന്നാല്‍ ചിത്രം നടക്കാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ ഒരു വിഷയമല്ലെന്നും ലാലേട്ടന്‍. ഓഷോയെക്കുറിച്ചുള്ള ചോദ്യം ചോദിച്ചതിന് മുനാവറിന് നന്ദിയും പറഞ്ഞ് അടുത്ത ചോദ്യത്തിനുള്ള കാത്തിരിപ്പ്.

പിന്നെയും നിരവധി ചോദ്യങ്ങള്‍. കുസൃതിച്ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി. ഗൗരവമായവയ്‍ക്കു അതുപോലെയും. ഓരോ ചോദ്യത്തിനും ഉത്തരം പറയും മുമ്പേ ലാലേട്ടന്റെ മറുചോദ്യം. എത്ര ശതമാനം കഥ ഊഹിച്ചു? 50 ശതമാനമെന്നും 60തെന്നും 70തെന്നും 75എന്നും പല മറുപടികള്‍. അതിനിടയില്‍, ലാലേട്ടന്‍ അതിസുന്ദരനാണല്ലോയെന്ന് ഒരു ആരാധകന്റ് കമന്റ്. മറുപടി പറയാതെ ചമ്മിയ ചിരിയുമായി ലാലേട്ടന്‍. പഴയ നാണംകുണുങ്ങി പയ്യന്‍റെ തലകുനിച്ചുള്ള അതേ ചിരി.

ട്രെയിലര്‍ കണ്ട് കഥ പ്രവചിച്ച എല്ലാവരോടും ഒടുവില്‍ ലാലേട്ടന്റെ ഉപദേശം. ഇനി ട്രെയിലര്‍ കാണാതെ എഴുതാന്‍ നോക്കൂ. ഒരുപാട് കഥകള്‍ എഴുതാന്‍ കഴിയട്ടേ. കഥകള്‍ എഴുതിവച്ചിട്ട് അത് സ്വന്തമായി വായിച്ചുനോക്കൂ. കൊള്ളാവുന്നത് മാത്രമാണെങ്കില്‍ മറ്റുള്ളവരെ കാണിക്കൂ. പുതിയ ചിന്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. അങ്ങനെ നിങ്ങളുടെ ആരുടെയെങ്കിലും കഥയില്‍  അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു.

ചോദ്യങ്ങള്‍ക്കു ശേഷം ഫോട്ടോ ടൈം. ഓരോരുത്തര്‍ക്കും ഒപ്പം വേറെ വേറെ എടുക്കാമെന്നു പറഞ്ഞതും ലാലേട്ടന്‍ തന്നെ. പല ക്യാമറകള്‍  മുന്നില്‍ അണിനിരന്നപ്പോള്‍ ലാലേട്ടന് സംശയം. ഏതു ക്യാമറയിലേക്കാണ് നോക്കേണ്ടത്?. പ്രധാനക്യാമറാമാന്‍‌ പറഞ്ഞ ക്യാമറയിലേക്കായി പിന്നെ നോട്ടം. ആരാധകര്‍ ഓരോരുത്തരോടും ആ ക്യാമറയിലേക്ക് നോക്കാനും നിര്‍ദ്ദേശം.

പലര്‍ക്കും സെല്‍ഫി തന്നെ വേണം. സെല്‍ഫിക്കു പോസ് ചെയ്യുമ്പോള്‍  നിഴല്‍  വീഴുന്നുണ്ടോയെന്നു സംശയം. സെല്‍ഫി എടുക്കേണ്ടത് അങ്ങനെയല്ല മോനേയെന്നു ഉപദേശം.

ചിലര്‍ക്ക് ലാലേട്ടന്‍ തന്നെ സെല്‍ഫി എടുത്തു കൊടുക്കണം. മറ്റു ചിലര്‍ക്കു ഉമ്മ വയ്‍ക്കണം. ചിലര്‍ക്ക് കവിളില്‍ തൊട്ടുനോക്കണം. ആരാധകരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും തയ്യാറായി ലാലേട്ടന്‍ ഒപ്പം നിന്നു. ആരാധകന്‍ ചെറു ചുംബനം നല്‍കിയപ്പോള്‍ ഇത് ശബ്‍മില്ലാത്ത ഉമ്മ എന്ന് ലാലേടന്റ് കമന്റ്. ഇനി ഞാന്‍ തിരിച്ചും ഉമ്മ വയ്‍ക്കുമെന്നും ലാലേട്ടന്‍. അങ്ങനെ കളിചിരിയുമായി എല്ലാവര്‍ക്കും ഒപ്പം അവരിലാരാളായി നിറഞ്ഞുനിന്നു മോഹന്‍ലാല്‍.

 

ഒപ്പത്തിലെ ജയരാമനാവാനുള്ള തയാറെടുപ്പുകള്‍ യോദ്ധയ്ക്കും ഗുരുവിനും ശേഷം വീണ്ടു അന്ധ കഥാപാത്രം കുട്ടികളുടെ കൂട്ടുകാരനാവുന്നത് എങ്ങനെ ? എവിടുന്നാണ് ഇത്രയും സമയം അന്നത്തെയും ഇന്നത്തെയും അഭിനയത്തില്‍ എന്താണ് മാറ്റം അഭിനയത്തിലെ ഗുരു ആരാണ് ? ഇത് ഞാനാണല്ലോ എന്ന് തോന്നിയ കഥാപാത്രം ? പുലിമുരുകന്‍ ശരിക്കും പുലിയാണോ ? വീണ്ടും പ്രിയദര്‍ശന്‍ പടം ചെയ്യുമോ ? ഓഷോ ജീവിതത്തില്‍ വരുത്തിയ മാറ്റം

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍