സ്‍ക്രീനിലേക്ക് ആ ഡ്രീം കോമ്പിനേഷന്‍; മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പ്രണവ്

By Web DeskFirst Published Jun 19, 2018, 7:00 PM IST
Highlights
  • ഒന്നാമനിലും സാഗര്‍ ഏലിയാസിലും പ്രണവ് എത്തിയിട്ടുണ്ട്
  • ആദിയില്‍ മോഹന്‍ലാല്‍, മോഹന്‍ലാലായിത്തന്നെ എത്തി

സിനിമാപ്രേമികളുടെ ഏറെക്കാലത്തെ കൗതുകം നിറഞ്ഞ അന്വേഷണങ്ങള്‍ക്കിപ്പുറമാണ് 'മോഹന്‍ലാലിന്‍റെ മകന്‍' സിനിമയില്‍ ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. താന്‍ മുന്‍പ് അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ജീത്തു ജോസഫിന്‍റെ തന്‍റെ പ്രോജക്ടാണ് നായകനായുള്ള അരങ്ങേറ്റത്തിനായി പ്രണവ് തെരഞ്ഞെടുത്തത്. റിയലിസ്റ്റിക് ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമായിരുന്ന ചിത്രം ബോക്‍സ്ഓഫീസിലും വിജയം നേടി. നായകനായതിന് ശേഷം ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. മോഹന്‍ലാലും പ്രണവും എപ്പോഴെങ്കിലും ഇനി ഒരുമിച്ച് സ്ക്രീനിലെത്തുമോ? മുന്‍പ് മോഹന്‍ലാലിന്‍റെ ഒന്നാമനിലും സാഗര്‍ ഏലിയാസ് ജാക്കിയിലുമൊക്കെ പ്രണവ് എത്തിയിട്ടുണ്ടെങ്കിലും ഒരു മുഴുനീള കഥാപാത്രം ഇനി വരുമ്പോള്‍ ആകാംക്ഷ മറ്റൊന്നായിരിക്കും. എന്നാല്‍ അത്തരത്തിലൊരു വാര്‍ത്ത വരുകയാണ്. മോഹന്‍ലാലും പ്രണവും വീണ്ടും ഒരുമിച്ച് അഭിനയിക്കാനൊരുങ്ങുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റേതായി ഇതിനകം പ്രഖ്യാപിക്കപ്പെട്ട ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലാണ് ഇരുവരും സ്ക്രീനിലെത്തുക. കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പകാലമാവും പ്രണവ് സ്ക്രീനിലെത്തിക്കുക. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കുമെന്നാണ് വിവരം. നൂറു കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ്. 

അതേസമയം ആദിക്ക് ശേഷം പ്രണവ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമലീലയിലൂടെ അരങ്ങേറ്റം കുറിച്ച അരുണ്‍ ഗോപിയാണ്. പുലിമുരുകനും രാമലീലയുമടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം. ബിഗ് ബജറ്റിലാവും പൂര്‍ത്തിയാക്കുക.

click me!