
അമ്മ എക്സിക്യൂട്ടീവ് യോഗവും, യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവും എല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ദിവസമാണ് 'അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണവുമായി എത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് നടന്ന സമയത്ത് സംഘടനയില്‍ ഉണ്ടായ പ്രത്യേക പ്രതിസന്ധിയാണ് ദിലീപിനെ പുറത്താക്കാന്‍ കാരണമായതെന്നും ആക്രമണത്തിനിരയായ നടി ഇതുവരെ രേഖാമൂലം യാതൊരു പരാതിയും സംഘടനയ്ക്ക് നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
താന്‍ എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും, അമ്മയിലെ അംഗമെന്ന നിലയില്‍ ദിലീപാകരുത് അതിന് പിന്നിലെന്ന് പ്രാര്‍ഥിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ അമ്മ പിളരുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇത് മറികടക്കാന്‍ തിടുക്കത്തിലെടുത്ത തീരുമാനമായിരുന്നു. ദിലീപിനെ പുറത്താക്കുക എന്നത്. തുടര്‍ന്ന് ബൈലോ പരിശോധിച്ചപ്പോള്‍ അത് സാധിക്കില്ലെന്ന് മനസിലായി. യോഗത്തില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല.
കുറ്റവിമുക്തനാകാതെ അമ്മയിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ദിലീപ് പറയുമ്പോള്‍ അദ്ദേഹം അമ്മയ്ക്ക് പുറത്താണെന്നു തന്നെയാണ് അര്‍ഥമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. സംഭവത്തില്‍ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. രണ്ടുപേരുടെ രാജി മാത്രമാണ് അമ്മയ്ക്ക് ലഭിച്ചതെന്നായിരുന്നു ലാലിന്‍റെ പ്രതികരണം.
വാര്‍ത്താസമ്മേളനത്തിലെ ലാലിന്‍റെ വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിരിയിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും മുന്‍ അമ്മ എക്സിക്യൂട്ടിവ് അംഗവുമായ രമ്യ നമ്പീശന്‍. അമ്മ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരെ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന അത് പരിഗണിക്കില്ലേ എന്ന് സുഹൃത്ത് (ആക്രമിക്കപ്പെട്ട നടി) തന്നോട് ചോദിച്ചതായി രമ്യ നമ്പീശന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിന് ശേഷം താന്‍ അവളോട് സംസാരിച്ചിരുന്നു. അമ്മ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നല്ലോ അന്വേഷണം നടത്താന്‍. ആരും ആര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയോ പരാതിയുമായി സംഘടനയെ സമീപക്കുകയോ ചെയ്യാറില്ല. അന്ന് അവര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്.
ചിലപ്പോള്‍ അത് അന്വേഷിക്കുകയും ചെയ്തിട്ടുണ്ടാകും. നടന്‍ അത് നിഷേധിച്ചതോടെ അത് അവസാനിച്ചും കാണും. എഴുതിക്കൊടുക്കാത്തതിനാല്‍ നടപടിയെടുത്തില്ലെന്ന ന്യായമാണ് പ്രസിഡന്‍റ് ഉന്നയിക്കുന്നത്. ഇതില്‍ നിന്ന് വ്യക്തമകുന്ന കാര്യം എഴുതിക്കൊടുത്താലും നടപടിയെടുക്കില്ലെന്നതു തന്നെയാണെന്നും നടി പറഞ്ഞതായി രമ്യ അഭിമുഖത്തില്‍ പറയുന്നു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ ജനറല്‍ ബോഡി യോഗത്തിലെ അജണ്ടയിലുണ്ടായിരുന്നു എന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. എന്നാല്‍ അജണ്ടയുടെ പ്രിന്‍റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് കാര്യങ്ങളില്‍ ദിലീപിന്‍റെ കാര്യം ഉണ്ടായിരുന്നില്ല.
ഞാനും ഗീതു മോഹന്‍ദാസും രേഖാമൂലം രാജിവച്ചിരുന്നു. എന്നാല്‍, റിമ നാട്ടിലുണ്ടായിരുന്നില്ല. അതിനാലാണ് രാജി നല്‍കാത്തത്. അതിലൊന്നും കാര്യമില്ല. രാജിവിവരം ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡബ്യുസിസി മറ്റൊരു സംഘടനയുടെയും എതിരായി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. വിവാദങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നില്ല. സമാധാനപരവും സുരക്ഷിതമവുമായ തൊഴില്‍ സാഹചര്യം മാത്രമാണ് ഞങ്ങളുടെ ആവശ്യം. അതിനായുള്ള പോരാട്ടം ഇനിയും തുടരും. അമ്മയില്‍ തുടരുന്ന ഞങ്ങളുടെ അംഗങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രമ്യ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ