മൃണാള്‍ സെൻ അമിതാഭ് ബച്ചന് 300 രൂപ മാത്രം പ്രതിഫലം കൊടുത്തതിന്റെ കഥ!

By Web TeamFirst Published Dec 31, 2018, 12:59 PM IST
Highlights

 'ഇൻറർവ്യൂ' എന്ന തന്റെ ചിത്രത്തിൽ അമിതാഭിനെ കാസ്റ്റുചെയ്യാൻ മൃണാള്‍ സെന്നിന് ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ ആ റോൾ അമിതാഭിനും ഇഷ്‍ടപ്പെട്ടേനെ..

ദി ട്രിബ്യൂണില്‍  ശാസ്ത്രി രാമചന്ദ്രൻ എഴുതിയ ലേഖനം. 

വിവർത്തനം : ബാബു രാമചന്ദ്രൻ. 

 

ഇത് വളരെ പണ്ട് നടന്ന ഒരു കഥയാണ്. 1969-ൽ.. അന്ന് അമിതാഭ് ബച്ചൻ ഇന്നത്തെ ബിഗ് ബി ആയിട്ടില്ല. സിനിമകളിൽ അവസരമന്വേഷിച്ചു നടക്കുന്ന കാലം. മൃണാൾ ദായുടെ ഭാഷയിൽ പറഞ്ഞാൽ " ബച്ചാ.." ആയിരുന്ന കാലം.

ഗുജറാത്തിലെ ഭാവ് നഗറിൽ വെച്ച് ഭുവൻ ഷോം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ മൃണാൾ ദാ ബോംബെയിലിരുന്ന് അതിന്റെ എഡിറ്റിങ്ങ് ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇടക്കെപ്പോഴോ തന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ കെ.എ.അബ്ബാസിനെക്കാണാൻവേണ്ടി മൃണാൾദാ അദ്ദേഹത്തിന്റെ വസതിയിലെത്തി. അബ്ബാസ് 'സാത്ത് ഹിന്ദുസ്ഥാനി' എന്ന, നമ്മുടെ മധു സാറൊക്കെ നടിച്ച, പിൽക്കാലത്ത് കൊട്ടകകൾ നിറഞ്ഞോടിയ സിനിമയുടെ വർക്ക് തുടങ്ങിയ സമയമാണത്. കാസ്റ്റിങ്ങിനായി അബ്ബാസിനെക്കാണാൻ വന്ന ഒരുപറ്റം അഭിനയമോഹികളായ ചെറുപ്പക്കാർ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു ആ വീട്ടിൽ.

ഭുവൻ ഷോമിലെ വോയ്‌സ് ഓവറിന് ഡബ്ബ് ചെയ്യാനായി താൻ  ഒരു നല്ല ശബ്‍ദം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മൃണാൾ ദാ അബ്ബാസിനോട് പറഞ്ഞു. പുതിയ ഒരാളെയാണ് താൻ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സംഭാഷണത്തിന് കാതോർത്തുകൊണ്ടിരുന്ന ആ കൂട്ടത്തിൽ നിന്നും അപ്പോൾ ഒരു 'ലംബു' എഴുന്നേറ്റു നിന്ന് പറഞ്ഞു, " അമി ബംഗ്ലാ ജാനേ.." ( "എനിക്ക് ബംഗാളി അറിയാം.")  ആ പയ്യന്റെ ധൈര്യം മൃണാൾ ദായ്ക്ക് ഇഷ്‍ടമായി. ബംഗാളി ഉച്ചാരണം പോയെങ്കിലും നിന്റെ ശബ്‍ദം കൊള്ളാം എന്നദ്ദേഹം അവനോടു പറഞ്ഞു.  വോയ്‌സ് ഓവർ ഹിന്ദിയിലായിരുന്നതിനാൽ അവൻ മതി എന്ന് മൃണാൾദായ്ക്ക് തോന്നി. തന്റെ സിനിമയ്ക്കിടയിൽ നിന്നും അവനെ ആ ജോലി ചെയ്യാൻ വിട്ടുകൊടുക്കാൻ അബ്ബാസും തയ്യാറായി.

ഡബ്ബിങ്ങ് ജോലികളൊക്കെ കഴിഞ്ഞപ്പോൾ, ഒരുപാട് പ്രതിഫലമൊന്നും തരാൻ തന്റെ കയ്യിലില്ല എന്ന് മൃണാൾ ദാ അവനോടു പറഞ്ഞു. തനിക്ക് പ്രതിഫലമൊന്നും വേണ്ടാ എന്നായിരുന്നു അവൻ പറഞ്ഞത്. എന്നാലും മൃണാൾ ദാ നിർബന്ധിച്ച് അന്നത്തെ മുന്നൂറു രൂപ അവന് നിർബന്ധിച്ച് പ്രതിഫലമായി നൽകി. ഒരുപക്ഷേ, സിനിമയിൽ നിന്നുള്ള അവന്റെ ആദ്യകാല പ്രതിഫലങ്ങളിൽ ഒന്ന്. രണ്ടുകയ്യും നീട്ടി സന്തോഷത്തോടെ പ്രതിഫലം വാങ്ങിയ ആ പയ്യൻ അന്ന് ഒരുകാര്യമേ മൃണാൾ ദായോട് തിരിച്ചു  ചോദിച്ചുള്ളൂ.. " എന്റെ പേര് ടൈറ്റിൽസിൽ വരുമോ..? " മൃണാൾ ദാ ഉവ്വെന്ന അർത്ഥത്തിൽ തലകുലുക്കി. ആ പയ്യന്റെ പേര് അമിതാഭ് ബച്ചൻ എന്നായിരുന്നു. പേര് 'അമിതാഭ്' എന്ന് മാത്രം കൊടുക്കാൻ അവൻ അന്ന് മൃണാൾ ദായെ നിർബന്ധിച്ചു. അങ്ങനെ സിനിമ കഴിയുമ്പോൾ കാണിക്കുന്ന റോളിങ്ങ് ടൈറ്റിൽസിൽ 'അമിതാഭ്' എന്ന പേരും വോയ്‌സ് ഓവറിന്റെ ക്രെഡിറ്റ്സിൽ ഇടം പിടിച്ചു.

എഴുപതുകളിൽ കൊട്ടകകളിലെത്തിയ ഭുവൻ ഷോമിൽ ഏകദേശം അഞ്ചുമിനിറ്റോളം മുഴങ്ങിക്കേട്ട ആ ഗംഭീര സ്വരം അന്നുപക്ഷേ ആരുമത്ര ശ്രദ്ധിച്ചില്ല. ആ സ്വരത്തിന്റെ ഉടമ പിന്നീട് ഹിന്ദി സിനിമ അടക്കിവാഴുമെന്നും ആരും കരുതിയില്ല. ഭുവൻ ഷോമിന് മികച്ച ചിത്രത്തിനും സംവിധാനത്തിനും അഭിനയത്തിനും(ഉത്പൽ ദത്ത്) ഉള്ള ദേശീയ അവാർഡുകൾ കിട്ടി. സിനിമാ ലേഖകരുടെ ഒരു പരിപാടിയിൽ വെച്ച് അന്നത്തെ ഡബ്ബിങ്ങ് ആർട്ടിസ്റ്റും സംവിധായകനും വീണ്ടും കണ്ടുമുട്ടി. അപ്പോൾ ഒരു പത്ര ലേഖകൻ പാതി തമാശയ്ക്കെന്നോണം ചോദിച്ചു, " മൃണാൾ ദാ, ഇതാണോ അങ്ങയുടെ അടുത്ത സിനിമയിലെ നായകൻ..? "

" നായകനൊന്നുമല്ല.. പക്ഷേ, ഇയാൾക്ക് ഞാൻ എന്തായാലും മോശമില്ലാത്തൊരു റോൾ എന്റെ അടുത്ത സിനിമയിൽ കൊടുക്കുന്നുണ്ട്.."  'ഇൻറർവ്യൂ' എന്ന തന്റെ അടുത്ത ചിത്രത്തിൽ അമിതാഭിനെ കാസ്റ്റുചെയ്യാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ ആ റോൾ അമിതാഭിനും ഇഷ്‍ടപ്പെട്ടേനെ.. പക്ഷേ, ആ റോളിലേക്ക് ഒരു സാധാരണക്കാരനെയായിരുന്നു മൃണാൾ ദാ തേടിക്കൊണ്ടിരുന്നത്. പ്രശസ്തി തേടിയെത്തിയിരുന്നില്ല എങ്കിലും,   അമിതാഭിന് അന്നേ  ഒരു സൂപ്പർ താരത്തിന്റെ പരിവേഷമുണ്ടായിരുന്നു  എന്ന ഒരൊറ്റക്കാരണം കൊണ്ടുമാത്രം അത് നടന്നില്ല.

അങ്ങനെ സംഭവശാൽ വെറും മുന്നൂറു രൂപയ്ക്ക്  തന്റെ സിനിമയിൽ ഡബ്ബ് ചെയ്ത് കടന്നുപോയ ആ പയ്യനും എല്ലാം നല്ല ഓർമ്മയുണ്ട് എന്ന മൃണാൾദാ എപ്പോഴോ  പറഞ്ഞിരുന്നു. ഏതോ അഭിമുഖത്തിൽ വെച്ച് അമിതാഭ് ആദ്യമായി വോയ്‌സ് ഓവർ ചെയ്തത് സത്യജിത് റേയുടെ " ശത്‌രഞ്‌ജ് കേ ഖിലാഡി"യ്ക്കല്ലേ എന്ന് ചോദിച്ച പത്രക്കാരനെ അദ്ദേഹം " അല്ല, അതിനും മുമ്പ് ഭുവൻ ഷോമിനാണ് " എന്ന് അമിതാഭ് തിരുത്തുന്നുണ്ടത്രേ. പക്ഷേ, അന്ന് അമിതാഭ് ആ പത്രക്കാരനോട് പറഞ്ഞതിൽ ഒരു വസ്തുതാപരമായ പിഴവുണ്ടെന്ന് മൃണാൾ ദാ സ്നേഹപൂർവ്വം ഓർക്കുന്നത്‌.. " അവൻ പറഞ്ഞത്, ഭുവൻ ഷോമിൽ ഡബ്ബ് ചെയ്തതിന് അവന് അഞ്ഞൂറ് രൂപ പ്രതിഫലം കിട്ടി എന്നാണ്.. ഇല്ല..   മുന്നൂറു രൂപയേ അന്നെനിക്ക് കൊടുക്കാനായിരുന്നുള്ളൂ.."

 

click me!