
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫര്‍ അതിന്റെ പ്രഖ്യാപനസമയം മുതല്‍ മാധ്യമശ്രദ്ധയിലുള്ള ഒന്നാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവാകുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ്, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയുമുണ്ട്. ചിത്രീകരണം ആരംഭിച്ചതുമുതല്‍ നിരന്തരം വാര്‍ത്തകളിലുള്ള ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒരു തെറ്റായ പ്രചരണം ചൂണ്ടിക്കാണിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നുവെന്ന ഒരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത്തരത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടിയുടെ പേര് എടുത്തുപറയാതെ അത്തരത്തിലുണ്ടായ പ്രചരണത്തെ തള്ളിക്കളയുകയാണ് മുരളി ഗോപി. ഒരു സിനിമയുടെ കാഴ്ചാനുഭവത്തെ പൂര്‍ണമായും നശിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള തെറ്റായ ഹൈപ്പ് എന്ന് കുറിക്കുന്നു മുരളി ഗോപി.
മുരളി ഗോപി പറയുന്നു
പ്രിയ സുഹൃത്തുക്കളെ,
'ലൂസിഫര്‍' എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്ന ചില ഓണ്‍ലൈന്‍ മാധ്യമ 'വാര്‍ത്തകള്‍' (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ 'കണ്ടെത്തല്‍'. ഈ 'കണ്ടുപിടിത്തം' ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു. ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്. ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത്തരം കുന്നായ്മകള്‍ പടച്ചിറക്കുന്നതും. സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ 'വാര്‍ത്തകള്‍' ഷെയര്‍ ചെയ്യാതെയുമിരിക്കുക.
സസ്‌നേഹം,
മുരളി ഗോപി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ