ശ്രീകുമാര്‍ മേനോന്റെ 'മഹാഭാരത'ത്തിന് പുതിയ നിര്‍മ്മാതാവ്?

By Web TeamFirst Published Jan 29, 2019, 7:17 PM IST
Highlights

അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
 

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'മഹാഭാരത'ത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ നടക്കുന്നതായി സൂചന. അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രമടക്കമായിരുന്നു പോസ്റ്റ്.

സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളിയാണ് ഡോ എസ് കെ നാരായണനെന്നും മഹാഭാരതം നിര്‍മ്മിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് എസ് കെ നാരായണന്‍. വര്‍ക്കലയില്‍ വച്ചായിരുന്നു ശ്രീകുമാര്‍ മേനോനുമായുള്ള ചര്‍ച്ച.' വൈകാതെ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടുമെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോന്‍ പറയുന്നു. തിരക്കഥ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നപക്ഷം ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കുകയാണ് നിയമപരമായ വഴി എന്നും ജോമോന്‍. അതേസമയം സംവിധായകന്‍ കരാര്‍ ലംഘിച്ചുവെന്ന് കാട്ടി എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നുമാണ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി അറിയിച്ചിരിക്കുന്നത്. പുറത്തുവരുന്ന പുതിയ വിവരത്തിന്റെ സ്ഥിരീകരണത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ശ്രീകുമാര്‍ മേനോനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

click me!